മനാമ: കുട്ടികൾക്കിടയിൽ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണത്തിനൊരുങ്ങി ബഹ്‌റൈൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ അക്കൗണ്ട് തുടങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന പുതിയ ബിൽ കൗൺസിൽ ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 2012ലെ 37ാം നമ്പർ കുട്ടികളുടെ നിയമത്തിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ 15 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുമതി ലഭിക്കില്ല. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയിൽ അക്കൗണ്ടുകൾ തുടങ്ങാൻ വിലക്ക് ഉണ്ടാകില്ല. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളിൽ വരാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
എന്നാൽ, പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങാം. ഏതെല്ലാം പ്ലാറ്റ്ഫോമുകൾ നിയമ പരിധിയിൽ കൊണ്ട് വരണം എന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കും.
നിയമം ലംഘിക്കാതിരിക്കാൻ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനായി പ്രത്യേക രീതികളും നിയമം ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും പ്രത്യേകമായി നിശ്ചയിക്കും. ശൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്സൻ ഡോ. ജിഹാദ് അൽ ഫദലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates