കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ (അക്കാർ) ഗവേഷക റോണാ മരിയ സുനിൽ ഇന്റർനാഷണൽ റേഡിയോ സയൻസ് യൂണിയൻ (URSI) അന്താരാഷ്ട്ര കോൺഫറൻസിൽ മികച്ച പ്രബന്ധത്തിനുള്ള ഗവേഷണ പുരസ്‌ക്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി. 2025 ആഗസ്റ്റ് 17 മുതൽ 22 വരെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽവെച്ച് നടന്ന URSI അന്താരാഷ്ട്ര കോൺഫറൻസിൽ, കുസാറ്റിലെ റഡാർ റിമോർട്ട് സെൻസിംഗ് ഉപയോഗിച്ച് ഇന്ത്യൻ മൺസൂൺ ആരംഭം കണ്ടെത്താനും പ്രവചിക്കാനും വികസിപ്പിച്ചെടുത്ത നവീന മാർഗത്തിനാണ് പുരസ്കാരം.
മൺസൂൺ ആരംഭം രാജ്യത്തിൻറെ തന്നെ പരിസ്ഥിതി, കൃഷി, ജലസ്രോതസുകൾ, ഭക്ഷ്യസുരക്ഷ എന്നിവയെ സ്വാധീനിക്കുന്ന നിർണായക കാലാവസ്ഥ പ്രതിഭാസമായതിനാൽ, ഈ പ്രവചനം ദേശീയ പ്രാധാന്യമുള്ളതാണ്. കുസാറ്റ് റഡാർ ഗവേഷണ കേന്ദ്ര ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജിന്റെ മേൽനോട്ടത്തിൽ ഡോ. കാവ്യാ ജോണി ഉൾപ്പെടുന്ന സംഘം മെഷീൻ ലീർണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് 3-4 ആഴ്ച മുൻപ് തന്നെ ±3 ദിവസത്തെ കൃത്യതയോടെ മൺസൂൺ പ്രവചിക്കാനാകും.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഇടവപ്പാതി ആരംഭവുമായി നല്ല പൊരുത്തം കാണിക്കുന്നതിനാൽ ഈ രീതി ശാസ്ത്രീയവും, ലളിതവുമാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ശാന്തിനഗറിൽ, കാലയിൽ ഹൗസിൽ സുനിൽ ജോസഫിന്റെയും ജൂഡിയുടെയും മകളും, എബിൻസ് മൈക്കിളിന്റെ ഭാര്യയുമാണ് റോണാ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates