

ജെൻസിയുടെ ഭാഷയും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ തന്നെ പുതിയ ലോകത്ത് ജനറഷേൻ ആൽഫയും കരിയർ സ്വപ്നങ്ങൾ നെയ്തുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ, മറ്റുള്ള തലമുറകളേക്കാൾ കൂടുതൽ ചെറുപ്പത്തിലേ വ്യക്തവും വൈവിധ്യം നിറഞ്ഞതുമായ സ്വപ്നങ്ങൾ അവർക്കുണ്ടാകാമെന്നാണ് ഒരു സർവേ റിപ്പോർട്ട് പറയുന്നത്. എ ഐയുടെ കാലത്തെ ജനറേഷൻ ആൽഫയിലെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അവരുടെ കരിയറിനെ കുറിച്ചുള്ള സ്വപ്നങ്ങളിൽ വളരെ വ്യക്തതയുണ്ട്, വൈവിധ്യവും.
എക്കാലത്തും കൗമാരക്കാരുടെ ഭാവിസ്വപ്നങ്ങൾ കൗതുകരമായിരുന്നു. പണ്ട് കാലങ്ങളിൽ ഏറിയാൽ ഡോക്ടർ, എഞ്ചിനിയർ, അതിനപ്പുറം ഐ എ എസ് എന്ന സ്വപ്നത്തില്‍ നിന്ന് പുതിയ തലമുറ എങ്ങനെയൊക്കെ മാറിയുണ്ട് ?
ഇന്ന്, ആ ചോദ്യത്തിന് 2010 മുതൽ ജനിച്ച, ജനറേഷൻ ആൽഫയുടെ കാര്യത്തിൽ പലവിധ പ്രാധാന്യമുണ്ട്. സാങ്കേതികരംഗത്തുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾ, ആഗോള പ്രതിസന്ധികൾ, തൊഴിൽ ആശയങ്ങളിലെ മാറ്റങ്ങൾ എന്നിങ്ങനെ സങ്കീർണ്ണമായ 21-ാം നൂറ്റാണ്ടിലെ ആദ്യതലമുറ എന്ന് അവരെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സ്വാഭാവികമായും നിർണ്ണായക പങ്ക് വഹിക്കും. 18 രാജ്യങ്ങളിലായി 12–15 വയസ്സ് പ്രായമുള്ള 11,452 കുട്ടികളിൽ നടത്തിയ ഗ്ലോബൽ വെബ് ഇൻഡക്സ് (GWI) സർവേയെ അടിസ്ഥാനമാക്കിയുള്ള ജനറേഷന്‍ ആൽഫയുടെ സ്വപ്ന കരിയറുകൾ അറിയാം.
ഇന്നത്തെ കൗമാരക്കാർക്കിടയിൽ വൈവിധ്യമാർന്ന കരിയർ ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സർവേ പ്രകാരം, ജനറേഷന്‍ ആൽഫയുടെ കരിയർ അഭിലാഷങ്ങള്‍ ലിംഗഭേദം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ആഗ്രഹിക്കുന്ന കരിയറുകൾ അധികമില്ല എന്നതാണ് രസകരം. ഇരുവിഭാഗത്തിലും പൊതുവിൽ ശാസ്ത്ര-സാങ്കേതിക കരിയറുകളാണ് കൂടുതൽ പേരും സ്വപ്നം കാണുന്നത്. എന്നാൽ, അതിൽ തന്നെ കാതലായ വ്യത്യാസം ഉണ്ട്.
ജനറേഷൻ ആൽഫയിലെ 30 ശതമാനം ആൺകുട്ടികൾ ശാസ്ത്ര മേഖലയിൽ താൽപ്പര്യം കാണിക്കുമ്പോൾ 17% പെൺകുട്ടികളാണ് ഈ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. അതായത് ആൺകുട്ടികളിൽ മൂന്നിലൊന്ന് പേരും പെൺകുട്ടികളിൽ അഞ്ചിലൊന്ന് പേരും ശാസ്ത്രജ്ഞരോ എഞ്ചിനീയർമാരോ ഇന്നൊവേറ്റർമാരോ ആകാൻ ആഗ്രഹിക്കുന്നു - ഇന്നൊവേഷൻ, പ്രശ്‌നപരിഹാരം, സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന ജോലികൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ജോലികൾ എന്ന നിലയിലാണ് ഇത്.
ജനറേഷന്‍ ആൽഫയുടെ എല്ലാ കരിയർ സ്വപ്നങ്ങളും മുൻകാലത്തെ പോലെ സയൻസ്, ടെക്നോളജി, എഞ്ചിനിയറിങ്, മാത്സ് (STEM--)അധിഷ്ഠിതമല്ല. സംഗീതം, നൃത്തം, അഭിനയം, ചിത്രകല തുടങ്ങിയ കലാപരമായ കരിയറുകളാണ് പെൺകുട്ടികളുടെ പട്ടികയിൽ മുന്നിൽ, 21% പേരാണ് ഇത് ഇഷ്ടപ്പെടുന്നത്. ആൺകുട്ടികളിൽ 11% പേർക്കാണ് ഈ മേഖലകളിൽ താൽപ്പര്യം.
പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, ആരോഗ്യ സംരക്ഷണ മേഖലയിലെ കരിയറാണ് പ്രിയപ്പെട്ട മറ്റൊന്ന്, അഞ്ചിൽ ഒരാൾ ഡോക്ടറോ ആരോഗ്യ സംരക്ഷണ പ്രൊഫഷണലോ ആകാൻ ആഗ്രഹിക്കുന്നു. ഇവിടെ ആൺകുട്ടികളുടെ എണ്ണം കുറവാണ്.
വീഡിയോ ഗെയിം ഡിസൈനും സാങ്കേതിക വികസനവുമാണ് മറ്റൊരു ഇഷ്ട മേഖല, ഇത് ഡിജിറ്റൽ വിനോദത്തിന്റെ സ്വാധീനവും കോഡിങ്, ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, വളർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയിൽ ജനറേഷൻ ആൽഫയ്ക്കുള്ള അടുപ്പം വ്യക്തമാക്കുന്നു. ആൺകുട്ടികളിൽ 25 % ഈ മേഖലയിൽ താൽപ്പര്യം കാണിക്കുമ്പോൾ പെൺകുട്ടികളിൽ 10% പേരാണ് ഈ രംഗത്തോട് ആഭിമുഖ്യം പുലർത്തുന്നത്.
ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം പ്രൊഫഷണൽ സ്‌പോർട്‌സ് ഇപ്പോഴും അവരുടെ കരിയർ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ്, 18% ആഗ്രഹിക്കുന്ന ഈ കരിയർ ആൺകുട്ടികളുടെ ഇഷ്ടപട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പെൺകുട്ടികൾ ഇക്കാര്യത്തിൽ ആറ് ശതമാനം മാത്രമാണ്. അധ്യാപനം ആണ് പെൺകുട്ടികളുടെ മൂന്നാമത്തെ സ്വപ്നകരിയർ 16% പേരാണ് ഇത് തെരഞ്ഞെടുത്തത്. ആൺകുട്ടികളിൽ ഏഴ് ശതമാനവും.
അഭിഭാഷകവൃത്തി, മാധ്യമപ്രവർത്തനം, സാഹിത്യം, ഷെഫ്, വെറ്റിറനേറിയൻ, ബ്യൂട്ടി പ്രൊഫഷണൽ തുടങ്ങിയ കരിയറുകൾ പെൺകുട്ടികൾ കൂടുതലായി ആഭിമുഖ്യം കാണിക്കുമ്പോൾ, പൊലിസ്, ഫയർഫൈറ്റർ, പൈലറ്റ്, അസ്ട്രോനെറ്റ് തുടങ്ങിയ മേഖലകളിൽ ആൺകുട്ടികളാണ് കൂടുതല്‍ താൽപ്പര്യം കാണിക്കുന്നത്.
അതേസമയം, ഒരു കരിയർ ലക്ഷ്യമായി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസേഴ്സും സോഷ്യൽ മീഡിയ കരിയർ എന്ന ആശയത്തെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്ന് അടിവരയിടുന്നു. ആൺകുട്ടികളിൽ 12% പേരും പെൺകുട്ടികളിൽ 11% പേരും ഈ പാതയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നു, ഇത് വെറുമൊരു ക്ഷണികമായ പ്രവണതയല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിലെ പ്രധാനപ്പെട്ട ഒരു കരിയർ ദിശാമാറ്റത്തിന്റെ സുചകമാണെന്ന് ഈ ജി ഡബ്ലിയു ഐ സർവേ വിശകലനം ചെയ്ത വിഷ്വൽ ക്യാപിറ്റലിസ്റ്റ് അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates