ന്യൂഡൽഹി: നിർമ്മിത ബുദ്ധി എന്താണെന്ന് സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ മനസിലാക്കാനായി കേന്ദ്ര സർക്കാർ ഒരു സൗജന്യ പഠനപദ്ധതി ആരംഭിച്ചു. 'യുവ എ ഐ ഫോർ ഓൾ ’ എന്നാണ് പദ്ധതിയുടെ പേര്. 4.5 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിലൂടെ എ ഐയുടെ പ്രാഥമിക പാഠങ്ങൾ ആളുകൾക്ക് മനസിലാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ കോഴ്സ് സ്വയംപഠന (self-paced) രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എ ഐ ടെക്നോളജിയെ രാജ്യത്തെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ഡിജിറ്റൽ സ്കിൽ നേടിയ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തൊഴിൽ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും വൻ മാറ്റങ്ങളാണ് എ ഐ ഉപയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആറ് ലഘു മോഡ്യൂളുകൾ ആയിട്ടാണ് പഠനഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, തൊഴിൽ അന്വേഷിക്കുന്നവർ, അധ്യാപകർ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ഈ കോഴ്സ് പ്രയോജനപ്പെടുത്താം.
ഫ്യൂച്ചർ സ്‌കിൽസ് പ്രൈം (FutureSkills Prime) ഐ ജി ഓ ടി കർമയോഗി (iGOT Karmayogi) ഉള്‍പ്പെടെ നിരവധി ദേശീയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കോഴ്സ് ലഭ്യമാകുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും ലഭിക്കും.
ഇന്ത്യ എ ഐ മിഷന്റെ ഭാഗമാണ് ഈ പദ്ധതി. ഒരു കോടി പൗരന്മാർക്ക് അടിസ്ഥാന എ ഐ അറിവ് നൽകുക, എ ഐ ഉപയോഗ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ടെക്‌നോളജി എല്ലാവർക്കും ലഭ്യമാകുന്ന, ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള വലിയ ചുവടുവെപ്പായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates