

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമേകി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. 2026-27 അധ്യയന വര്‍ഷത്തേക്ക് രാജ്യത്തുടനീളം 9,911 പുതിയ എംബിബിഎസ് സീറ്റുകള്‍ക്ക് കൂടി കമ്മീഷന്‍ അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,36,939 ആയി ഉയര്‍ന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യുജി) ഏതാനും ദിവസത്തിനിടെ വരാനിരിക്കെയാണ് എന്‍എംസി സീറ്റ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജിപ്മെര്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ സീറ്റുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. മെഡിക്കല്‍ അസ്സസ്‌മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് പുറത്തുവിട്ട അന്തിമ സീറ്റ് മെട്രിക്‌സ് പ്രകാരം, രാജ്യത്തെ 823 മെഡിക്കല്‍ കോളേജുകളിലായിട്ടാണ് ഇത്രയും സീറ്റുകള്‍ ലഭ്യമാകുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനമായി കര്‍ണാടക മാറി (15,395 സീറ്റുകള്‍). ഉത്തര്‍പ്രദേശ് (14,000 സീറ്റുകള്‍), തമിഴ്നാട് (13,999 സീറ്റുകള്‍), മഹാരാഷ്ട്ര (13,099 സീറ്റുകള്‍) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
സീറ്റുകളുടെ വിഭജനം ഇങ്ങനെ
ആകെ സീറ്റുകള്‍: 1,36,939 (കഴിഞ്ഞ വര്‍ഷം പുതുക്കിയ 1,27,028 സീറ്റുകളും പുതുതായി അനുവദിച്ച 9,911 സീറ്റുകളും ഉള്‍പ്പെടെ).
സര്‍ക്കാര്‍ മേഖലയില്‍: 441 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 63,296 സീറ്റുകള്‍ (ഇതില്‍ 2,111 സീറ്റുകള്‍ പുതിയതായി അനുവദിച്ചതാണ്).
സ്വകാര്യ മേഖലയില്‍: 382 സ്വകാര്യ മെഡിക്കല്‍ കോളജുകളിലായി 73,643 സീറ്റുകള്‍ (ഇതില്‍ 7,800 സീറ്റുകള്‍ ഈ വര്‍ഷം പുതിയതായി ചേര്‍ത്തതാണ്).
പുതിയ കോളജുകള്‍: ഈ വര്‍ഷം പുതുതായി അനുമതി ലഭിച്ച 25 മെഡിക്കല്‍ കോളജുകള്‍ വഴി (7 സര്‍ക്കാര്‍ കോളജുകളും 18 സ്വകാര്യ കോളജുകളും) 2,400 സീറ്റുകള്‍ ലഭ്യമാകും.
കേരളത്തിലെ സീറ്റ് വിവരങ്ങള്‍
കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ സീറ്റ് വര്‍ധന പ്രതീക്ഷ നല്‍കുന്നതാണ്. എന്‍എംസിയുടെ ഔദ്യോഗിക മെട്രിക്‌സ് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം ലഭ്യമായ ആകെ എംബിബിഎസ് സീറ്റുകള്‍ താഴെ പറയുന്ന പ്രകാരമാണ്:
ആകെ സീറ്റുകള്‍: 5,704
സര്‍ക്കാര്‍ മേഖലയില്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 1,855 സീറ്റുകള്‍ ലഭ്യമാകും.
സ്വകാര്യ മേഖലയില്‍: സ്വകാര്യ/സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 3,849 സീറ്റുകള്‍ ഉണ്ടാകും.
കേരള എന്‍ട്രന്‍സ് കമ്മീഷണറേറ്റ് (സിഇഇ) വഴിയുള്ള സംസ്ഥാന കോട്ടാ കൗണ്‍സിലിങ്ങും അതോടൊപ്പം ഓള്‍ ഇന്ത്യ കോട്ടാ കൗണ്‍സിലിങ്ങും ഔദ്യോഗിക സീറ്റ് മാട്രിക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് പുതിയ സീറ്റുകളുടെ അനുമതി ലഭിക്കുന്നതിനായി ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ എന്‍എംസി ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ കൗണ്‍സിലിങ് നടപടികളിലേക്ക് രാജ്യം ഔദ്യോഗികമായി കടക്കും. കൂടുതല്‍ സീറ്റുകള്‍ ലഭ്യമായതോടെ ഇത്തവണ കട്ട്-ഓഫ് മാര്‍ക്കുകളില്‍ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates