നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

ജോലി ചെയ്യുന്നവര്‍ക്കും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പിന്നീട് നിയമപഠനത്തിലേക്ക് കടന്നുവരാന്‍ അവസരമൊരുങ്ങും
llb
Upper-Age Limit On Admission To LLB Courses Withdrawn(Image generated using AI for representative purpose)
Updated on: 
1 min read

ന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രായപരിധി പിന്‍വലിക്കാന്‍ തീരുമാനമായത്. വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ ബിസിഐയുടെ അഭിഭാഷകയാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് തീരുമാനം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.

2008ലെ ബിസിഐയുടെ നിയമവിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്സിന് ജനറല്‍ വിഭാഗക്കാര്‍ക്ക് 20 വയസും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്ക് 22 വയസുമായിരുന്നു ഉയര്‍ന്ന പ്രായപരിധി. മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്സിന് 30 വയസായിരുന്നു ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഈ പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകള്‍ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചതോടെ 2017 മാര്‍ച്ചില്‍ സുപ്രീംകോടതി നിയന്ത്രണങ്ങള്‍ സ്റ്റേ ചെയ്തിരുന്നു. ഇതോടെ പ്രായപരിധി സംബന്ധിച്ച വിഷയം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു.

പ്രായത്തിന്റെ പേരില്‍ മാത്രം യോഗ്യതയുള്ളവരെ നിയമപഠനത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് മതിയായ അക്കാദമിക് കാരണമില്ലെന്നാണ് ബിസിഐയുടെ വിലയിരുത്തല്‍. വിദ്യാഭ്യാസ യോഗ്യത, ഹാജര്‍നില, അധ്യാപന സമയം, പരീക്ഷകള്‍, പ്രൊഫഷണല്‍ പരിശീലനം തുടങ്ങിയ നിലവിലുള്ള വ്യവസ്ഥകള്‍ നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ പര്യാപ്തമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. റിഷഭ് ദുഗ്ഗല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിഷയം പരിഗണിച്ചത്. 2016ല്‍ ബിസിഐ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ പ്രായപരിധി പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രായപരിധി പിന്‍വലിക്കാന്‍ ബിസിഐ തീരുമാനിച്ചതോടെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

പ്രായം കാരണം നിയമപഠനം മാറ്റിവെച്ചവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. ജോലി ചെയ്യുന്നവര്‍ക്കും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പിന്നീട് നിയമപഠനത്തിലേക്ക് കടന്നുവരാന്‍ ഇതിലൂടെ അവസരമൊരുങ്ങും. പ്രായപരിധി പിന്‍വലിച്ചെങ്കിലും, പ്രവേശനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത, സര്‍വകലാശാലകളുടെ മറ്റ് നിബന്ധനകള്‍ എന്നിവ തുടര്‍ന്നും ബാധകമാണ്.

llb
'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി
llb
സിവില്‍ ജഡ്ജി നിയമനം: അഭിഭാഷക പ്രാക്ടീസ് മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ച് സുപ്രീംകോടതി
llb
വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി
Summary

No Age Limit for LLB Admissions: Bar Council of India Withdraws Upper Age Restrictions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER