

വിദേശ രാജ്യങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് മുന്നിൽ വലിയൊരു ഭാരമായി മാറുന്നത് ആ രാജ്യങ്ങളിൽ പഠനത്തിനുള്ള ഫീസും അവിടുത്തെ ജീവിതച്ചെലവുമാണ്.
എന്നാൽ, ട്യൂഷൻ ഫീസ് നൽകുകയും വേണ്ട, അവിടുത്തെ ജീവിതച്ചെലവിന് സ്റ്റൈപ്പൻഡും ഇതിന് പുറമെ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകുന്ന ഒരു രാജ്യമുണ്ട്, യൂറോപ്പിൽ.
അവിടെ പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്കും സാധിക്കും. അതേക്കുറിച്ച് അറിയാം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് നൽകാതെ യൂറോപ്പിൽ ഉന്നത വിദ്യാഭ്യാസം നേടാൻ വഴിയൊരുക്കുന്നതാണ് സ്റ്റൈപ്പൻഡിയം ഹംഗറിക്കം സ്കോളർഷിപ്പ്. ഹംഗറിയാണ് ഈ അവസരം മുന്നോട്ട് വെക്കുന്നത്.
ഹംഗറിയുമായി ഉഭയകക്ഷി കരാറുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാണ്. ഇന്ത്യയിൽ, വിദ്യാഭ്യാസ മന്ത്രാലയം അല്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഹംഗറിയുമായി ഉഭയകക്ഷി ബന്ധമുള്ള രാജ്യത്തിന്റെ പൗരത്വം.
തെരഞ്ഞെടുത്ത പ്രോഗ്രാമിന് അനുയോജ്യമായ അക്കാദമിക് യോഗ്യതകൾ (ഉദാ. ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കണമെങ്കിൽ അതിനുള്ള യോഗ്യതയുള്ള ബിരുദം).
പ്രവേശന സമയത്ത് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
ട്യൂഷൻ ഫീസ് ഇല്ല: പ്രോഗ്രാമിന്റെ മുഴുവൻ കാലയളവും ഫീസ് ഇളവ് ലഭിക്കും. അതായത് സൗജന്യ വിദ്യാഭ്യാസം
പ്രതിമാസ സ്റ്റൈപ്പൻഡ്: ജീവിതച്ചെലവുകൾ താങ്ങാൻ ഏകദേശം 22,000 ഇന്ത്യൻ രൂപ ലഭിക്കും. (ഹംഗേറിയൻ നാണയത്തിൽ ഇത് HUF 43,700 )
ആരോഗ്യ ഇൻഷുറൻസ്: ഹംഗറിയിലെ പൊതുജനാരോഗ്യ സേവനം ലഭിക്കും
stipendiumhungaricum.hu എന്ന ഔദ്യോഗിക പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മോട്ടിവേഷൻ ലെറ്റർ, അക്കാദമിക് രേഖകൾ, ഭാഷാ പ്രാവീണ്യത്തിന്റെ തെളിവ്, പാസ്‌പോർട്ട് എന്നിവ ആവശ്യമാണ്. കൂടാതെ, അപേക്ഷകർ അവരുടെ മാതൃരാജ്യത്ത് നിയുക്ത സെൻഡിങ് പാർട്ണറിൽ (അതായത് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യേണ്ടത് അതത് രാജ്യത്തെ ദേശീയതലത്തിലെ സംവിധാനമാണ്. കേന്ദ്രവിദ്യാഭ്യസ മന്ത്രാലയമോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ ആകും ഇതിലെ നടപടിക്രമങ്ങൾ നിർവഹിക്കുക) രജിസ്റ്റർ ചെയ്യണം.
വിവിധ വിഷയങ്ങളിലായി 30-ലധികം ഹംഗേറിയൻ സർവകലാശാലകളിൽ പഠിക്കുന്നതിന് അവസരം നൽകുന്നതാണ് ഈ സ്കോളർഷിപ്പ്. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ, സമയക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയ്ക്കായി, https://stipendiumhungaricum.hu/apply/ ഈ വെബ് സൈറ്റ് സന്ദർശിക്കാം
പൊതുവെ ഹംഗറിയെ സുരക്ഷിത രാജ്യമായി കണക്കാക്കുന്നു. ഹംഗറി യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ജീവിതച്ചെലവുള്ള രാജ്യങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.യുഎസ്എ, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് വളരെ കുറവാണ്. കിഴക്കൻ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഹംഗറിയിലേത് കുറഞ്ഞ ജീവിതച്ചെലവാണ് എന്ന് കണക്കുകൾ. പ്രകൃതിഭംഗി, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയോടൊപ്പം താങ്ങാനാവുന്ന ജീവിതച്ചെലവ് കാരണം ഇത് വിദേശ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates