അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യം, അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള പഞ്ച പാണ്ഡവര്‍; സിനിമയില്‍ ഇങ്ങനെയുമുണ്ട് മഹാഭാരതം

ദ്രൗപതിയെ അവതരിപ്പിച്ച മല്ലികാ സാരാഭായി മാത്രമായിരുന്നു ചിത്രത്തിലെ ഏക ഇന്ത്യന്‍ അഭിനേതാവ്.
അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യം, അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള പഞ്ച പാണ്ഡവര്‍; സിനിമയില്‍ ഇങ്ങനെയുമുണ്ട് മഹാഭാരതം


''രണ്ടാമൂഴത്തെ മൂന്നു മണിക്കൂറില്‍ ഒതുക്കാനാവില്ല'' - രണ്ടാമൂഴത്തിന്റെ ചലച്ചിത്ര രൂപം രണ്ടു ഭാഗങ്ങളായി ചെയ്യുന്നതിനെക്കുറിച്ച് രചയിതാവ് എംടി വാസുദേവന്‍ നായര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. രണ്ടു ഭാഗങ്ങളിലായി ആറു മണിക്കൂറോളം ദൈര്‍ഘ്യത്തില്‍ മഹാഭാരതത്തിന് സിനിമാ ഭാഷ്യമൊരുങ്ങുമ്പോള്‍ ചലച്ചിത്ര പ്രേമികളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നത് പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതത്തെയാണ്. അഞ്ചര മണിക്കൂറായിരുന്നു ബ്രൂക്കിന്റെ മഹാഭാരതത്തിന്റെ ദൈര്‍ഘ്യം. എംടിയുടെ രണ്ടാമൂഴത്തിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇന്ത്യയില്‍ എല്ലായിടത്തുനിന്നും നടീനടന്മാരെ തിരയുമ്പോള്‍ ബ്രൂക്ക അഭിനേതാക്കളെ കണ്ടെത്തിയത് ലോകത്തു തന്നെ പലയിടങ്ങളില്‍നിന്നായിരുന്നു. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു, പീറ്റര്‍ ബ്രൂക്ക് കണ്ടെത്തിയ പഞ്ച പാണ്ഡവര്‍.

ബ്രിട്ടിഷ് തിയറ്റര്‍ പ്രതിഭയായ പീറ്റര്‍ ബ്രൂക്ക് 1985ല്‍ ചെയ്്ത ഒന്‍പതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകമാണ്, പിന്നീട് ടെലിവിഷന്‍ സിനിമയാക്കി മാറ്റിയത്. മഹാഭാരതം പോലൊരു ഇതിവൃത്തത്തെ ഇങ്ങനെയേ അവതരിപ്പിക്കാനാവൂ എന്നാണ് നാടകത്തിന്റെ ദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയവരോട് ബ്രൂക്ക് പറഞ്ഞത്. നാലു വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിച്ച ശേഷം, 1989ലാണ് ബ്രൂക്ക് മഹാഭാരതത്തിന് ചലച്ചിത്ര രൂപം നല്‍കിയത്. വെനിസ് ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ നീണ്ടുനിന്ന കൈയടികളോടെആസ്വാദകര്‍ വരവേറ്റതു ചരിത്രം. 

വിവിധ ലോക രാജ്യങ്ങളില്‍ ചലച്ചിത്ര, നാടക രംഗത്തുള്ളവരെയാണ് ബ്രൂക്ക് തന്റെ ബൃഹദ് സംരഭത്തില്‍ അണിനിരത്തിയത്. 
പോളിഷ് നടന്‍ ആന്ദ്രെ സ്വരയനാണ് ബ്രൂക്കിന്റെ മഹാഭാരതത്തില്‍ യുധിഷ്ഠിരനായത്. ഗ്രീക്ക് നടന്‍ ജോര്‍ജസ് കൊറാഫെയ്‌സ് ദുര്യോധനനായി. ബ്രൂസ് മയേഴ്‌സ് ആണ് കൃഷ്ണനെ അവതരിപ്പിച്ചത്. ദ്രൗപതിയെ അവതരിപ്പിച്ച മല്ലികാ സാരാഭായി മാത്രമായിരുന്നു ചിത്രത്തിലെ ഏക ഇന്ത്യന്‍ അഭിനേതാവ്. കാസ്റ്റിങ്ങിന്റെ പെരിലായിരുന്നു ബ്രൂക്കിന്റെ മഹാഭാരതം ഏറെ പഴി കേട്ടതും. കറുത്ത വര്‍ഗക്കാരനായ മമാദു ഡിയോം ആയിരുന്നു ബ്രൂക്കിന്റെ മഹാഭാരതത്തിലെ ഭീമന്‍.

വിയറ്റ്‌നാം യുദ്ധത്തിന്റെ കെടുതികളാണ് യുദ്ധകഥയായ മഹാഭാരത്തിലേക്ക് ബ്രൂക്കിനെ എത്തിച്ചത്. ഒന്‍പതു മണിക്കൂര്‍ നീണ്ട നാടകവും അഞ്ചര മണിക്കൂര്‍ നീണ്ട സിനിമയും കഴിഞ്ഞ്, രണ്ടു വര്‍ഷം മുമ്പ് തൊണ്ണൂറാം വയസില്‍ മഹാഭാരതത്തെ ആസ്പദമാക്കി ബാറ്റില്‍ഫീല്‍ഡ് എന്നൊരു ചെറുനാടകവുമൊരുക്കി പീറ്റര്‍ ബ്രൂക്ക്. മഹാഭാരത യുദ്ധം ജയിച്ച യുധിഷ്ഠിരന്‍ യുദ്ധനഷ്ടങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രീതിയിലായിരുന്നു, ഈ നാടകം. ഇതിന്റെ കാണികള്‍ ഒബാമയും ഒലാന്ദും പുടിനും മറ്റു രാഷ്ട്ര നേതാക്കളുമാണ് എന്നാണ്, യുദ്ധഭീതി കൊടുമ്പിരി കൊണ്ട കാലത്തെ ആ നാടകത്തെക്കുറിച്ച് ബ്രൂക്ക് പറഞ്ഞത്. കലയെ എങ്ങനെ ആക്ടിവിസത്തിന് ഉപയോഗിക്കാം എന്ന് മഹാഭാരതത്തില്‍ അഭിനയിച്ച കാലത്ത് പീറ്റര്‍ ബ്രൂക്കില്‍നിന്നാണ് താന്‍ പഠിച്ചത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്, മല്ലികാ സാരാഭായി.

നാടക സങ്കേതങ്ങള്‍ തന്നെയായിരുന്നു സിനിമയിലും ബ്രൂക്ക് പ്രധാനമായി ഉപയോഗിച്ചത്. വമ്പന്‍ സെറ്റുകളോ സ്‌പെഷല്‍ ഇഫക്ടുകളുടെ കൂട്ടപ്പൊരിച്ചിലോ ഇല്ലായിരുന്നു സിനിമയില്‍. അതുകൊണ്ടുതന്നെ ചെലവ് ദശകോടികളിലേക്കു നീണ്ടില്ല. വിക്കിപീഡിയയെ വിശ്വസിക്കാമെങ്കില്‍ 50 ലക്ഷം ഡോളര്‍ ബജറ്റിലാണ് പീറ്റര്‍ ബ്രൂക്ക് മഹാഭാരതം ഒരുക്കിയത്. ഡോളറിന്റെ അന്നത്തെ വിലയനുസരിച്ച് ഏഴരക്കോടി രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com