കൊച്ചിക്കാരന്‍ കോയാക്ക തുന്നിയ ചലച്ചിത്രക്കുപ്പായങ്ങള്‍!

മലയാള സിനിമകളുടെ കൗമാരകാലത്ത് സിനിമാമോഹം ത്രസിപ്പിച്ച ഒരു കലാഹൃദയത്തെ ജോണ്‍ പോള്‍ ഓര്‍ക്കുന്നു
കൊച്ചിക്കാരന്‍ കോയാക്ക തുന്നിയ ചലച്ചിത്രക്കുപ്പായങ്ങള്‍!

മലയാള സിനിമകളുടെ കൗമാരകാലത്ത് സിനിമാമോഹം ത്രസിപ്പിച്ച ഒരു കലാഹൃദയത്തെ ജോണ്‍ പോള്‍ ഓര്‍ക്കുന്നു

ഴു പതിറ്റാണ്ടുകാലം മുന്‍പുള്ള കഥയാണ്. ഞാന്‍ ജനിക്കും മുന്‍പുള്ള കൊച്ചി. കൊച്ചിയില്‍ ഒരു കോയാക്കയുണ്ടായിരുന്നു. കോയാക്ക പഠിച്ച തൊഴില്‍ തുന്നലായിരുന്നു. തയ്യല്‍ക്കാരന്‍ കോയാക്കയ്ക്കു തൊഴിലില്‍ നല്ല പേരും അതിനാല്‍ തിരക്കുമായിരുന്നു.


പക്ഷേ, കോയാക്കയുടെ മനസ്സു നിറയെ കലയായിരുന്നു. കലകളില്‍ സുന്ദരിയായി പുതുമോടിയോടെ സിനിമ എല്ലാവരേയും മോഹിപ്പിക്കുന്ന കാലം. കോയാക്കയേയും മോഹിനി വശീകരിച്ചു. ഉള്ളതത്രയും സ്വരുക്കൂട്ടി കോയാക്ക മദിരാശിക്കു വണ്ടി കയറി. ആരുടേയും ഔദാര്യത്തിനു കാത്തുകിടക്കാന്‍ മനസ്സില്ലാണ്ടെ ഒരു സിനിമ സ്വയം പിടിക്കാന്‍ ഒരുമ്പെട്ടിറങ്ങി. 
അന്നും ഇന്നും സിനിമയ്‌ക്കൊരു കരുണയില്ലാത്ത സ്വഭാവമുണ്ട്. കളരി വഴി നേര്‍മുറയ്‌ക്കോ അല്ലാതെയോ അടി തട പഠിക്കാതെ വന്നാല്‍ പൂഴിക്കടകനടി പല ഭാഗത്തുനിന്നു മുയിര്‍ത്ത് ആ വന്നവനെ നിലംപരിചാക്കും. കോയാക്കയെ കാത്തുനിന്നതും ആ വഴിയാണ്. ഒരുക്കങ്ങള്‍ പാതിവഴിയെത്തും മുന്‍പേ, കരുതിയതത്രയും തീര്‍ത്തു മടിശ്ശീല കാലിയായി, നിര്‍മ്മാണം തുടങ്ങും മുന്‍പേ മുടങ്ങി. 


വെറും കൈയോടെ നാട്ടിലേക്കു മടങ്ങാന്‍ മനസ്സുവരാതെ കോയാക്ക  പഠിച്ച തൊഴില്‍ പുറത്തെടുത്തു മദിരാശിയില്‍ അങ്കം തുടര്‍ന്നു. തൊഴിലിലെ നൈപുണ്യം തുണയ്‌ക്കെത്തി. ഏറെ വൈകാതെ സിനിമയില്‍ കോസ്റ്റിയൂമറായി കേളി നേടി. പതുക്കെ പച്ചപിടിച്ചു. അങ്ങനെ ക്‌ളച്ചുപിടിച്ചുവരുമ്പോള്‍ പാതി മുടങ്ങിയ ചുവടു തുടര്‍ന്നു വീണ്ടും ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ് കോടമ്പക്കം വഴക്കം. കോയാക്ക ആ വഴി പോയില്ല. ഉള്ളതുമായി നാട്ടിലേക്കു മടങ്ങി. 

ജോണ്‍ പോള്‍
 

എറണാകുളത്ത് അന്നത്തെ ടി.ബി. റോഡില്‍ ഇന്നത്തെ പ്രസ്സ് ക്‌ളബ്ബ് റോഡില്‍ ഒരു കടയെടുത്തു തകൃതിയായി തയ്യല്‍വേലകളില്‍ മുഴുകി. തോണി ഏര്‍പ്പാടില്‍ തുടങ്ങി ചരക്കുഗതാഗതത്തിന്റെ കൊച്ചിയിലെ മല്‍പ്പാനായി ടി.കെ. പരീക്കുട്ടി വിലസുന്ന കാലമാണ്. കോയാക്കയെ പരീക്കുട്ടി സാഹിബിനു വലിയ വിശ്വാസവും കാര്യവുമായിരുന്നു. ഏതു കാര്യത്തിലും കോയാക്കയോടു ഉപദേശം തേടും. അതേ ആത്മാര്‍ത്ഥത കോയാക്ക തിരിച്ചും കാട്ടും. കോയാക്ക പ്രഥമമായും പ്രധാനമായും കലാകാരനായതുകൊണ്ട് അമ്മാതിരി കൂട്ടരുമായുള്ള ചങ്ങാത്തം നിര്‍ബ്ബാധം. വൈക്കം മുഹമ്മദ് ബഷീര്‍ പാതികാലം പുസ്തകക്കച്ചവടവും പാതികാലം സ്വപ്നസഞ്ചാരവുമായി അക്ഷരനാടു വാഴുന്നു. താമസം കോയാക്കയുടെ കടയിരിക്കുന്ന അതേ റോഡില്‍ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലും. ബഷീറും കോയാക്കയും  മുഴുത്ത ചങ്ങാതിമാരായി. 


രാമുകാര്യാട്ട് ഒന്നൊന്നര സിനിമയില്‍ സഹസംവിധാനം കഴിഞ്ഞു സ്വതന്ത്രനാകാന്‍ അങ്കി ഒരുക്കി ദാതാവിനെ കാത്തുകഴിയുന്ന കാലം. കൊച്ചി വരവുകളില്‍ കോയാക്കയുടെ കട കാര്യാട്ടിനും ആതിഥ്യമരുളിപ്പോന്നു. 
കോയാക്ക വഴി പരീക്കുട്ടി സാഹിബിന് ബഷീറിനേയും കാര്യാട്ടിനേയും അമ്മാതിരി പഹയന്മാരേയും പരിചയമായതു സ്വാഭാവികം. കലാകാരന്മാരോട് സാഹിബിനു ബഹുമാനവുമായിരുന്നു.


അങ്ങനെ നാളുകള്‍ പോകും കാലം കോയാക്ക ഒരു മിനുക്ക് കുപ്പായത്തിനു അഴകലുക്കുകള്‍ തുന്നിയിണക്കുന്നതിനിടയില്‍ തല നിവര്‍ത്തി നോക്കുമ്പോള്‍ മദിരാശിയില്‍വച്ചു പഴക്കമുള്ള ഒരു സിനിമാ ചങ്ങാതി അതിലേ വരുന്നു. വിളിച്ചിരുത്തി കുശലച്ചായ വിളമ്പി. ചങ്ങാതി ഒരു തമിഴ് ചിത്രത്തിനു കേരളത്തിലൊരു വിതരണക്കാരനെ തേടിവന്നതാണ്. വൈകിട്ടു തന്നെ മടങ്ങണം. ''പോകും മുന്‍പേ ഒത്താല്‍ കാണാം.'
ചങ്ങാതി നടയിറങ്ങി. പകല് മങ്ങും മുന്‍പേ ചങ്ങാതി മൂപ്പരു വീണ്ടും മുഖം കാണിച്ചു. യജ്ഞം പരാജയപ്പെട്ടതിന്റെ ക്ഷീണഭാവം മുഖത്ത്. വൈകീട്ടു പോകാതേയും വയ്യ. 
''എന്താ ചെയ്ക! ബേജാറു വേണ്ട. പൊയ്‌ക്കോളി...'
''പെട്ടി?'
''ഇബ്ടിരിക്കട്ടെ വഴിയുണ്ടാക്കാം...'
ഫിലിം പ്രിന്റിന്റെ പെട്ടി തയ്യല്‍ക്കടയില്‍ നിക്ഷേപിച്ചു ആശ്വാസത്തോടെ ചങ്ങാതി മടങ്ങി. 
വഴിയുണ്ടാക്കാമെന്ന് ഒരു മെനയ്ക്കങ്ങു പറഞ്ഞെങ്കിലും വഴിയൊന്നും കോയാക്കയുടെ മനസ്സില്‍ തെളിഞ്ഞിരുന്നില്ല. പക്ഷേ, മുകളിലെ തമ്പുരാന്‍ ഒരു വഴി കണ്ടുവച്ചിരുന്നു.


വൈകീട്ടു പരീക്കുട്ടി സാഹിബ് വന്നു. സൊറ തുടര്‍ച്ചയില്‍ ഫിലിം പെട്ടി പുരാണവും വസ്തരിച്ചു. പിന്നെ ഒരു ചോദ്യവും: 
''സാഹിബിനെന്താ ഇതങ്ങു വിതരണം ചെയ്താല്?'
അതിനു സാഹിബിന് വിതരണ കമ്പനീം ഓഫീസും വേണ്ടേ?
''ഉണ്ടാക്കാംല്ലോ...'
''കോയ ഏറ്റോ...?'
''എപ്പഴേ...'
''എന്നാ ആവട്ടെ.'
അങ്ങനെ 'ചന്ദ്രതാര' എന്ന ചലച്ചിത്ര പ്രസ്ഥാനത്തിനു തുടക്കമായി. 
അവസരം കാത്തുകഴിയുന്ന കാര്യാട്ടിന്റെ മുഖം കോയാക്കയുടെ മനസ്സിലിരുന്നിരമ്പി. പരീക്കുട്ടി സാഹിബ് വിവരമറിഞ്ഞു.
''ആദ്യം ഒരു കഥ നോക്കാന്‍ പറയ്' കാര്യാട്ട് തകൃതിയായി കഥയന്വേഷണം കൊണ്ടുപിടിച്ചു.
കൈനിക്കരയുടെ 'കാല്‍വരിയിലെ കല്‍പ്പപാദപം' നാടകം ഉപലംബമാക്കി സി.ജെ. തോമസ് ഒരു തിരക്കഥയെഴുതി. ഉറ്റ ചങ്ങാതി ബഷീറിനെ വന്നു വായിച്ചു കേള്‍പ്പിച്ചു. ബഷീറിനു തിരക്കഥ പെരുത്തിഷ്ടമായി.
മലയാളത്തിലെ ലക്ഷണമൊത്തെ ആദ്യ തിരക്കഥയ്ക്കു സിനിമയാകാന്‍ പക്ഷേ, ഭാഗ്യമുണ്ടായില്ല!


സി.ജെ. പൊയ്ക്കഴിഞ്ഞപ്പോള്‍ ബഷീറിനൊരു ആഗ്രഹം; തനിക്കുമെഴുതണം ഒരു സ്‌ക്രീന്‍ പ്‌ളേ.  
കഥാപാത്രങ്ങളെ മണ്ണില്‍ കാലൂന്നിനിന്ന് വിണ്ണിനെ എത്തിപ്പിടിക്കുന്ന ഇലാഹിയുടെ പ്രതിരൂപങ്ങളായി ഉയിര്‍പ്പിക്കുകയും അണ്ഠകടാഹങ്ങളുടെ താളത്തുടിയില്‍ നിറമുള്ള പ്രത്യക്ഷങ്ങളായി അക്ഷരമുനയാല്‍ വരച്ചിടുകയും ചെയ്യാന്‍ മാന്ത്രിക വിരുതുള്ള ബഷീറിനെങ്ങനെ അതപ്രാപ്യമാകും!
ബഷീര്‍ വിവരം കോയാക്കയോടു പറഞ്ഞു.
''എഴുത്...'
പ്രോത്സാഹനം കൈയയഞ്ഞു! ഒരു കെട്ടു ബീഡിയും സുലൈമാനിയുമായി ബഷീര്‍ എഴുതാനിരുന്നു. 
ഏതു കഥ!
മുന്‍പിലെ ബള്‍ബ് ഒന്നു മിന്നി. മുറിയാകെ നീലവെളിച്ചം പരന്നുവോ?
ബീഡിപ്പുകയുടെ വട്ടവലയങ്ങള്‍ തിരക്കഥയ്ക്കുള്ള വിഷയത്തിന്റെ ദൂതുമായെത്തി.
കടലാസില്‍ മുഴുത്ത അക്ഷരങ്ങളില്‍ ബഷീര്‍ തിരക്കഥയുടെ പേരെഴുതി:
''നീലവെളിച്ചം.'


ആവിഷ്‌കാരപഥത്തില്‍ വിഭ്രമാത്മകതലം പ്രസരിപ്പിക്കാന്‍ ആ പേരില്‍ താന്‍ മുന്‍പെഴുതിയ ചെറുകഥയില്‍ ആവോളം സാധ്യതയുണ്ട്. സ്വപ്നാടകനായ എഴുത്തിന്റെ സുല്‍ത്താന് ഉഷാറായി. ഒരു പകുതി സത്യവും ഒരു പകുതി സ്വപ്നവുമായി ഭാര്‍ഗ്ഗവിക്കുട്ടി എന്ന നായിക ഉയിര്‍ന്നുവന്നപ്പോള്‍ ബഷീറിനുറപ്പായിരുന്നു ഇങ്ങനൊരു മൊഞ്ചത്തി സിനിമയില്‍ ഇന്നോളം വന്നിട്ടില്ലാന്ന്!
തിരക്കഥ പൂര്‍ത്തിയായി. 
വിവരമറിഞ്ഞു കോയാക്കയ്ക്കും ഉഷാര്‍.
രാമുവിനു കഥ വേണമല്ലോ. 
ബഷീറിന്റെ കൈയില്‍ കഥയുണ്ട്; തിരക്കഥയും. 
പരീക്കുട്ടി സാഹിബ്ബ് വഴി രണ്ടുപേരെയും ഇണക്കിയാല്‍ ആഗ്രഹ നിവൃത്തി ഇരുവഴിക്കും സുപ്രാപ്യം. 
കാര്യാട്ടു കഥ കേട്ടു. പക്ഷേ, മനസ്സിലതങ്ങു പതിഞ്ഞില്ല. ബഷീറിനെ മുഷിപ്പിക്കാതെ ഒഴിഞ്ഞുമാറി. 

കാര്യാട്ടിന്റെ മനസ്സിലെ സിനിമ അതായിരുന്നില്ല. പുരോഗമന പ്രസ്ഥാനങ്ങളുടെ തരംഗങ്ങളുമായി ചില്ലറ കെട്ടുപാടുകള്‍ കാര്യാട്ടിന് അന്നുണ്ട്. അതുകൊണ്ട് ഒരു സാമൂഹ്യ കഥ വേണം സിനിമയ്‌ക്കെന്നായിരുന്നു സങ്കല്‍പ്പം. ആ കഥയില്‍ ഒരല്‍പ്പം  സാമൂഹ്യവിചാരണയും വിമര്‍ശനവും പുരോഗമനസ്വഭാവമുള്ള എന്തെങ്കിലും ആശയത്തിന്റെ നേര്‍ക്ക് ഒരു ചൂണ്ടലും കൂടി വേണം. ബഷീറിന്റെ കഥയുടെ വഴി കാല്‍പ്പനികതയുടേതായിരുന്നു. ആദ്യ ചിത്രം കാര്യാട്ട് ആഗ്രഹിച്ചത് ആ ചിട്ടയിലല്ല. ചങ്ങാതി ശോഭന പരമേശ്വരന്‍നായരേയും കൂട്ടി കോഴിക്കോട്ട് ആകാശവാണിയില്‍നിന്നും ഉറൂബെന്ന പി.സി. കുട്ടിക്കൃഷ്ണനെ വിളിച്ചിറക്കി ബീച്ചിലെ സൂചിയിലക്കാടുകള്‍ക്കരികിലെ മണലിലിരുന്നു കഥ തേടി. ഉറൂബ് മൂന്ന് കഥകള്‍ പറഞ്ഞു. അതിലൊന്ന് കാര്യാട്ട് മനസ്സില്‍ക്കണ്ട സിനിമയ്ക്കിണങ്ങും. 
പരീക്കുട്ടി സാഹിബ്ബിനും കോയാക്കയ്ക്കും കഥ ഇഷ്ടപ്പെട്ടു. 
'നീലക്കുയില്‍' പിറന്നു. 
കാലുഷ്യമില്ലാത്ത മനസ്സോടെ ബഷീറും പറഞ്ഞു: 
''ഉശിരുള്ള പടം.'
കോയാക്ക ബഷീറിനോടു പറഞ്ഞു: 
''മനസ്സിലുണ്ട്. വഴിയുണ്ടാക്കാം.'
ബഷീറിനു കോയാക്കയെ വിശ്വാസമായിരുന്നു. 
എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. 

'രാരിച്ചന്‍ എന്ന പൗരന്‍' വന്നു. 'മുടിയനായ പുത്രന്‍' വന്നു. അതിനിടയില്‍ ഛായാഗ്രാഹകന്‍ എ. വിന്‍സന്റിനോടു പരീക്കുട്ടി സാഹിബ്ബിനു ഒരു പ്രത്യേക വാത്സല്യസ്‌നേഹം ഉണ്ടാവുകയും ചെയ്തു. കോയാക്കയ്ക്കും വിന്‍സന്റിനെ ബോധിച്ചു. 

ബഷീര്‍


വിന്‍സന്റ് മാസ്റ്റര്‍ അന്ന് ഛായാഗ്രഹണരംഗത്തെ ഇന്ത്യയിലെ, പ്രത്യേകിച്ചും തെന്നിന്ത്യയിലെ മുന്തിയ താരമാണ്. എം.ടിയുടെ 'സ്‌നേഹത്തിന്റെ മുഖങ്ങള്‍' 'മുറപ്പെണ്ണ്' എന്ന പേരില്‍ സിനിമയാക്കാന്‍ തിരക്കഥയൊരുക്കിവച്ചിരിക്കുകയുമാണ്. നിര്‍മ്മാതാവായ ശോഭന പരമേശ്വരന്‍ നായര്‍ക്കു സാമ്പത്തികമായ ഒരു കൈബലം കിട്ടിയിട്ടുവേണം കര്‍മ്മത്തിലേക്കു കടക്കാന്‍. അതിനു കാലതാമസം വരുന്നതു കണ്ടപ്പോള്‍ കോയക്കായ്ക്കു തോന്നി. 
''എങ്കില്‍പ്പിന്നെ നമുക്കൊന്നാലോചിച്ചാലോ?'
പരീക്കുട്ടി സാഹിബ്, ആ വഴി ആലോചിച്ചു. വിന്‍സന്റിനു സമ്മതം. 
ബഷീറിന്റെ തിരക്കഥ അങ്ങനെ വിന്‍സന്റിന്റെ മുന്‍പിലെത്തി. 
''കഥ നന്ന്. തിരക്കഥയില്‍ ഒരു അഴിച്ചുപണി വേണം.'
അതു നല്ലതിനെന്നു ബഷീറിനും തോന്നി. ബഷീറിനെ മദിരാശിയിലേക്കാനയിക്കാന്‍ ശോഭന പരമേശ്വരന്‍ നായരെ ഭരമേല്‍പ്പിച്ചു കോയാക്ക അരിക്കാശിനുള്ള തുന്നല്‍വേലകളില്‍ മുഴുകി.
മദിരാശിയില്‍ 'ചന്ദ്രതാര'യ്‌ക്കൊരു ഓഫീസുണ്ട്. അവിടെ തമ്പടിച്ചായി തിരക്കഥാ സൃഷ്ടി. ഒത്താശാസഹായങ്ങളുമായി പരീക്കുട്ടി സാഹിബിന്റെ വിശ്വസ്ത പ്രൊഡക്ഷന്‍ വിചാരിപ്പുകാരന്‍ രാമചന്ദ്ര ശ്രീനിവാസപ്രഭു എന്ന ആര്‍.എസ്. പ്രഭു സദാ കൂടെ. 


അങ്ങനെ 'നീലവെളിച്ചം' 'ഭാര്‍ഗ്ഗവീനിലയ'മായി ഇതള്‍ വിടര്‍ന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്‌ളാക്ക് & വൈറ്റ് പര്‍വ്വത്തിലെ ഏറ്റവും വശ്യമായ കാല്‍പ്പനിക സൃഷ്ടികളിലൊന്നായി 'മഹലി'നും 'മധുമതി'ക്കും ഒപ്പം ഇടം നേടി.
കോയാക്കയുടെ ഇവിടം വരെയുള്ള ചരിതം വാമൊഴിയായി പകര്‍ന്നുകിട്ടിയതാണ്. ശോഭനാ പരമേശ്വരന്‍ നായര്‍ക്കും ചേലങ്ങാട്ട് ഗോപാലകൃഷ്ണനുമൊക്കെ നന്ദി. നാടകരംഗത്തും കോയാക്ക ഒരു കൈ പരീക്ഷിച്ചതായി എ.കെ. പുതുശ്ശേരി സാക്ഷ്യപ്പെടുത്തുന്നു. പഞ്ചവത്സര പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഗവണ്‍മെന്റ് പിന്‍ബലത്തോടെ എല്ലാ ഭാഷകളിലും നാടകങ്ങള്‍ അതരിപ്പിച്ചപ്പോള്‍ മലയാളത്തില്‍ തല്‍ക്കര്‍മ്മം ഏകോപിപ്പിച്ചതു കോയാക്കയായിരുന്നു. സെറ്റിങ്ങ്‌സും ട്രൂപ്പംഗങ്ങളുമെല്ലാം ഒരു ജീപ്പില്‍ തിങ്ങി ഞെരുങ്ങിയിരുന്നുള്ള നാടകയാത്രകളില്‍  താനും നടനായി  കൂടെച്ചേര്‍ന്നിരുന്ന കഥ പുതുശ്ശേരി പറഞ്ഞിട്ടുണ്ട്. 
ക്‌ളേശങ്ങളെ സ്വയം നേരിടുമ്പോഴും മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കേണ്ടിവരുമ്പോഴും കോയാക്ക പറയാറുള്ള വാക്കുകള്‍ ഇപ്പോഴും പുതുശ്ശേരിയുടെ ഓര്‍മ്മയിലുണ്ട്. 
''പുള്ളേ... കലയാണ് പ്രധാനം. അതിലാണ് ജയിക്കേണ്ടത്.'
കോയാക്ക ഭൗതികതലത്തില്‍ ജയിച്ചോ എന്നറിയില്ല. (ജീവിത സായാഹ്ന നാളുകള്‍ക്കു പറയാനുണ്ടായിരുന്നത് വിജയകഥകളായിരുന്നില്ലെന്നാണ് പുതുശ്ശേരി ഭാഷ്യം). 
കോയാക്ക തുന്നിയ ചലച്ചിത്രക്കുപ്പായങ്ങള്‍ മലയാള സിനിമയ്ക്കു നേടിത്തന്നത് ഒരുപാട് ഒരുപാട് സുവര്‍ണ്ണകിന്നരികളാണ്. 
ചരിത്രത്തിന്റെ ഘോഷച്ചാലുകളില്‍ കോയാക്കയുടെ പേരെവിടെയും കാണില്ല. പക്ഷേ, മലയാള സിനിമയുടെ ആത്മാവിന് ഒരു നിമിഷം ആ തുന്നല്‍ക്കടയുടെ മുന്‍പില്‍ തലകുനിക്കാതെ കടന്നുപോകാനാവില്ല, തീര്‍ച്ച.
സലാം കോയാക്കാ... സ്വസ്തി!

ഒടുവില്‍ അറിഞ്ഞത്:
കോയാക്കയുടെ തയ്യല്‍ക്കട ചലച്ചിത്രവാതായനങ്ങള്‍ തുന്നി തുറന്നിടുന്ന നാളുകളില്‍ കൊച്ചിയില്‍ പത്രങ്ങളും പത്രലേഖകരും ഉണ്ടായിരുന്നു; പക്ഷേ, പ്രസ്സ് ക്‌ളബ്ബ് ഉയിര്‍ന്നു വന്നിരുന്നില്ല പോലും. എല്ലാവരുടേയും ചങ്ങാതിയായ കോയാക്കയുടെ തയ്യല്‍ക്കടയായിരുന്നുപോലും പത്രലേഖകരുടെ ഒത്തുചേരല്‍ കേന്ദ്രം. വാര്‍ത്തകള്‍ എഴുതി കോയാക്കയെ ഏല്‍പ്പിക്കും. ലേഖകര്‍ അവിടെ വന്നു അതു നോക്കി എഴുതിയെടുക്കും. വാര്‍ത്ത പത്രത്തില്‍ വിളങ്ങും. ഏറെയകലെയല്ലാത്ത പാര്‍ട്ടി ഓഫീസില്‍നിന്ന് രാവിലെയോ ഉച്ച കഴിഞ്ഞോ ഇ.എം.എസ്സും എ.കെ.ജിയുമടക്കം നേതാക്കള്‍ കോയാക്കയുടെ കടയില്‍ വന്നു സൊറ പറഞ്ഞു കാത്തിരിക്കും. പത്രക്കാര്‍ നാലഞ്ചുപേര്‍ വന്നാല്‍ പറയുവാനുള്ളത് മുഖാമുഖം പറയും, അതായിരുന്നു പത്രസമ്മേളനം. ഉച്ചസമയത്ത് നേതാക്കള്‍ വരില്ല. വന്നാല്‍ പത്രക്കാര്‍ക്കെങ്ങാനും ഊണു വാങ്ങിക്കൊടുക്കേണ്ടിവന്നാലോ എന്നു ഭയന്നിട്ടാണ് അങ്ങനെയെന്നു കണ്ടുപിടിച്ചത്  തയ്യല്‍ക്കടയിലെ നിത്യസന്ദര്‍ശകനായ വൈക്കം മുഹമ്മദ് ബഷീര്‍. അതു പക്ഷേ, പിശുക്കുകൊണ്ടായിരുന്നില്ല; മടിശ്ശീലയ്ക്കു കനം പോരാഞ്ഞിട്ടാണ്. രാവിലെയാണ് മേല്‍പ്പടി പത്രസമ്മേളനമെങ്കില്‍ ഒരു  കാലിച്ചായ, അധികവും കട്ടന്‍. വൈകീട്ടാണെങ്കില്‍ ചായയ്ക്കു പുറമെ ഒരു ചെറുപഴമോ അറ്റ കൈക്ക് ഒരു പരിപ്പുവടയോ. പലഹാര സല്‍ക്കാരം പലപ്പോഴും കോയാക്കയുടെ സന്മനസ്‌സിന്റെ ഔദാര്യം. പിന്നെപ്പിന്നെ കൃഷ്ണന്‍ നായര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോയുടെ കാരണവകേന്ദ്രമായ പദ്മനാഭണ്ണന്റെ മുകള്‍നിലയില്‍. പടിഞ്ഞാറെയറ്റത്തെ സ്റ്റുഡിയോ മുറിയിലേക്കു ചേക്കേറി പത്രക്കാര്‍. അവിടത്തെ ഫോണ്‍ ആയി അവരുടെ ആശ്രയം. അതും കഴിഞ്ഞ് ആദ്യം ബഷീര്‍ ബുക്‌സ്റ്റാളും പിന്നീട് എന്‍.ബി.എസ്സും ഉണ്ടായിരുന്നിടം കഴിഞ്ഞു കിഴക്കോട്ടല്‍പ്പം നീങ്ങി ബസോട്ടോ ഹോട്ടലിനിപ്പുറത്തെ ഇന്ത്യന്‍ കോഫി ഹൗസിന്റെ മുകളില്‍ രാംജിയുടെ കൊച്ചിന്‍ വിന്‍ഡോ ആംഗലവാണിയുടെ ആസ്ഥാനത്തോടു മുട്ടിയുരുമ്മിയുള്ള മാളങ്ങളില്‍ പല പത്രങ്ങളുടേയും പ്രാതിനിധ്യ ബോര്‍ഡുകള്‍ തൂങ്ങി. 'മനോരമ', 'ജനയുഗം', 'ഹിന്ദു' തുടങ്ങിയവയുടെ ബ്യൂറോകള്‍ വേറെ ഇടങ്ങളിലായിരുന്നുവെന്നാണോര്‍മ്മ. പത്രക്കാര്‍ക്ക് ഇന്ത്യയിലും പുറത്തും കൂട്ടായ്മകളുണ്ടായി. അവ പ്രസ്സ് ക്‌ളബ്ബുകളെന്നറിയപ്പെട്ടു. പക്ഷേ, ആദ്യമായി ഒരു പിടി മണ്ണ് സ്വന്തമാക്കി അവിടെ ആസ്ഥാനമന്ദിരം ഉയര്‍ത്തി ചരിത്രമെഴുതിയത് എറണാകുളത്തെ പ്രസ്സ് ക്‌ളബ്ബാണ്. നന്ദിസൂചകമായി കോയാക്കയുടേയും പദ്മനാഭണ്ണന്റേയും ഓരോ ഫോട്ടോ അവിടെ തൂക്കാമായിരുന്നു എന്നു പറഞ്ഞാല്‍ നിത്യനിദ്രയിലാണെങ്കിലും അതേറ്റുപറയും എം.പി. കൃഷ്ണപിള്ളയും തര്യനും പൈലിയും സത്യവ്രതനും പാപ്പച്ചനും നൈനാനും പെരുന്ന തോമസും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com