സുരഭിക്കു പാസ് തയാറാക്കി വച്ചിരുന്നു; അക്കാദമിയില്‍ ആരുടേയും ഒറ്റയാള്‍ ഭരണമല്ല: വി.കെ ജോസഫ്‌

ദേശീയ അവാര്‍ഡ്‌ ജേതാവ്‌ സുരഭി ലക്ഷ്‌മിയെ ഐഎഫ്‌എഫ്‌കെയില്‍ ക്ഷണിച്ചില്ലെന്ന വിവാദം ആവശ്യമില്ലാത്തതെന്ന്‌ ചലച്ചിത്ര അക്കാദമി അംഗം വി.കെ ജോസഫ്‌.
സുരഭിക്കു പാസ് തയാറാക്കി വച്ചിരുന്നു; അക്കാദമിയില്‍ ആരുടേയും ഒറ്റയാള്‍ ഭരണമല്ല: വി.കെ ജോസഫ്‌


ദേശീയ അവാര്‍ഡ്‌ ജേതാവ്‌ സുരഭി ലക്ഷ്‌മിയെ ഐഎഫ്‌എഫ്‌കെയില്‍ ക്ഷണിച്ചില്ലെന്ന വിവാദം ആവശ്യമില്ലാത്തതെന്ന്‌ ചലച്ചിത്ര അക്കാദമി അംഗം വി.കെ ജോസഫ്‌. ഐഎഫ്‌എഫ്‌കെയെ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച്‌ സമകാലിക മലയാളത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരഭി ലക്ഷ്‌മിക്ക്‌ മനപ്പൂര്‍വം പാസ്‌ കൊടുക്കാതിരുന്നല്ല. സുരഭി ലക്ഷമിക്ക്‌ ഗസ്റ്റ്‌ പാസ്‌ തയ്യാറാക്കി വച്ചിരുന്നു. രണ്ടുദിവസം മുമ്പ്‌ അക്കാദമി ചെയര്‍മാന്‍ കമല്‍ സുരഭിയെ വിളിച്ചിട്ട്‌ പാസ്‌ തയ്യാറാക്കി വെച്ചിട്ടുണ്ട്‌, അക്കാദമിയുടെചെലവില്‍ ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ തരാം, റൂം തയ്യാറാക്കാം വന്നുപോണം എന്ന്‌ പറഞ്ഞിരുന്നു, ജോസഫ പറഞ്ഞു.

ശേീയ അവാര്‍ഡ്‌ ലഭിച്ചവരെ ആദരിക്കുന്ന കീഴ്‌വഴക്കം അക്കാദമിക്കില്ല. അതുകൊണ്ടാണ്‌ സുരഭിയെ ആദരിക്കാത്തതെന്ന്‌ ജോസഫ്‌ കൂട്ടിച്ചേര്‍ത്തു.
മഞ്‌ജു വാര്യരെ ആദരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന്‌ പറഞ്ഞ ജോസഫ്‌, മഞ്‌ജുവിനെ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമാണ്‌ ക്ഷണിച്ചതെന്നും വ്യക്തമാക്കി.

ഗ്‌ളാമറിന്റെ പുറകേ പോകുന്ന സംസ്‌കാരമല്ല കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക്‌. തെറ്റിദ്ധാരണ സംഭവിച്ചതാണ്‌.ചിലര്‍ സുരഭിയെ തെറ്റിധരിപ്പിച്ചിരിക്കണം, ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ നിങ്ങള്‍ ആദരിക്കപ്പെടേണ്ടതാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ടാകും,അത്‌ വിശ്വസിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക്‌ കാരണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമിയെ ആരും ഒറ്റയ്‌ക്ക്‌ ഭരിക്കുകയല്ലെന്ന്‌ ബന പോളിന്റെ സ്വേച്ഛാധിപത്യമാണ്‌ അക്കാദമിയില്‍ നടക്കുന്നതെന്ന ആരോപണങ്ങള്‍ക്ക്‌ മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

ബീന പോള്‍ തീരുമാനിക്കുന്ന ചിത്രങ്ങള്‍ ഒന്നുമല്ല ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. അതിന്‌ ഓരോ കമ്മിറ്റികളുണ്ട്‌. പ്രഗത്ഭരായ ഒരുകൂട്ടം സിനിമ പ്രവര്‍ത്തകരാണ്‌ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്‌. ഒരാളുടെ ഇഷ്ടത്തിന്‌ ഒരു സര്‍ക്കാര്‍ മേള നടത്താനൊന്നും സാധിക്കില്ല. ജനാധിപത്യപരമായ പ്രക്രിയകളിലൂടെയാണ്‌ അക്കാദമിയുടെയും ഫെസ്റ്റ്വലിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

ഗീതു മോഹന്‍ദാസിന്റെ ചിത്രം ഒരു പ്രത്യേക സെക്ഷനിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ആ ചിത്രം മാത്രമല്ല അതില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. അഞ്ച്‌ ചിത്രങ്ങള്‍ ഉണ്ട്‌. ആളുകള്‍ക്ക്‌ എപ്പോഴും സെന്‍സേഷണല്‍ വാര്‍ത്തകളോട്‌ താത്‌പര്യം. അദ്ദേഹം പറഞ്ഞു.

സനല്‍കുമാരര്‍ ശശിധരന്റെ ചിത്രത്തെക്കാള്‍ മികച്ച ചിത്രങ്ങള്‍ വന്നതുകൊണ്ടാണ്‌ അതിനെ മത്സരവിഭാഗത്തില്‍ നിന്ന്‌ ജൂറി ഒഴിവാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്റെ സിനിമ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിന്‍വലിക്കും എന്നു പറയുന്നവരോട്‌ യോജിപ്പില്ല. എന്റെ സിനിമ കുറേ ഫെസ്‌റ്റിവലില്‍ പോയതുകൊണ്ട്‌ നിങ്ങള്‍ തെരഞ്ഞെടുക്കണം എന്ന്‌ പറയുന്നത്‌ മോശമാണ്‌.

ഐഎഫ്‌എഫ്‌കെയ്‌ക്ക്‌ സമാന്തരമായി നടത്തുന്ന കിഫ്‌ മേളയ്‌ക്ക്‌ താന്‍ എതിരല്ല എന്ന്‌ പറഞ്ഞ ജോസഫ്‌, അതിനെ ചലച്ചിത്ര അക്കാദമിക്ക്‌ എതിരായ പ്രക്ഷോഭമായി അടയാളപ്പെടുത്തേണ്ട കാര്യമില്ലെന്ന്‌ കൂട്ടിച്ചേര്‍ത്തു.

മേളയെക്കുറിച്ച്‌ എസ്‌ഡിപിഐ,സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ കാര്യമാക്കുന്നില്ല. കപടസദാചാരത്തിന്റെ കാര്യത്തില്‍ സംഘപരിവാറിനും മുസ്ലിം പിന്തിരിപ്പന്‍ സംഘടനകള്‍ക്കും ഒരേശബ്ദമാണ്‌.ആണും പെണ്ണും അടുത്തിരിക്കുന്നതാണ്‌ അവര്‍ക്ക്‌ പ്രശ്‌നം.കാലം മാറുകയാണ്‌. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അത്‌ വ്യഭിചാരമാണ്‌ എന്ന്‌ ചിന്തിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com