

ന്യൂ ഡല്‍ഹി: സഹതാരത്തെ മർദിച്ചെന്ന പരാതിയിൽ ഭോജ്പുരി നടൻ പവൻസിംഗിനെതിരെ കേസെടുത്തു. സഹതാരം അക്ഷര സിംഗിനെയാണ് മദ്യപിച്ച് ലക്കില്ലാതെ വന്ന താരം മർദിച്ചത്. ഡാമൻ ഗംഗാ വാലി എന്ന സ്വകാര്യ റിസോർട്ടിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വന്ന സൂപ്പർ താരത്തെ, നടി മുറിയിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു. ഇതിൽ പ്രകോപിതനായ താരം നടിയോട് അപമര്യാദയായി പെരുമാറുകയും മർദിക്കുകയുമായിരുന്നു. മുടിയിൽ പിടിച്ച് ചുഴറ്റുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തതായി സംഭവം കണ്ട ഹോട്ടൽ ജീവനക്കാർ പറഞ്ഞു. നടിയുടെ കൈകൾക്കും പരിക്കേറ്റു.
ഹോട്ടൽ ജീവനക്കാരാണ് നടിയെ പവൻ സിംഗിന്റെ കൈയിൽ നിന്നും രക്ഷിച്ചത്. ദേഹമാസകലം പരിക്കേറ്റ അക്ഷരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സില്‍വാസ എന്ന സിനിമയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അക്ഷര. എയർപോർട്ടിലേക്ക് പോകാൻ വാഹനം എത്താതിരുന്നതിനാൽ നടി യാത്ര പിറ്റേന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
പവൻസിംഗും അക്ഷരയും നേരത്തെ പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. അക്ഷരയെ സ്നേഹിക്കുന്നതായി പവൻ നേരത്തെ പലരോടും പറഞ്ഞിരുന്നു. എന്നാൽ യുപിയിലെ ബലിയ സ്വദേശിനിയായ ജ്യോതി സിംഗിനെ പവൻ കല്യാണം കഴിച്ചതോടെയാണ് ഇരുവരും അകന്നത്. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ പവന്‍ മുടക്കുകയാണെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു. സുർജീത് കുമാർ സിംഗാണ് ഭോജ്പുരിയിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ സിൽവാസയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates