പത്മാവദിന്റെ വിലക്ക് നീക്കി ; സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമകള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

ചിത്രം റിലീസ് ചെയ്താല്‍ ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം സുപ്രീംകോടതി തള്ളി
 പത്മാവദിന്റെ വിലക്ക് നീക്കി ; സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമകള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വിവാദ ചിത്രം പദ്മാവദിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ അടക്കമുള്ള നാല് സംസ്ഥാനങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമകള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്താല്‍ ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. ക്രമസമാധാനം തകരാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഇതിന് സിനിമ നിരോധിക്കുകയല്ല വേണ്ടത്. ആവശ്യമായ സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. സിനിമ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഞെട്ടിച്ചെന്നും ചീഫ് ജസ്റ്റിസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

സിനിമാനിര്‍മ്മാതാക്കളായ വയാക്കോം ആണ് സിനിമ നിരോധിക്കാനുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് സിനിമയുടെ പേര് പദ്മാവതി എന്നത് പദ്മാവത് എന്നാക്കി മാറ്റിയിരുന്നു. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് അംഗീകാരവും നല്‍കിയിട്ടുണ്ട്. സിനിമ നിരോധിക്കാന്‍ സര്‍ക്കാരുകള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത് ഭരണഘടനാലംഘനമാണെന്ന് കേസില്‍ ഹാജരായ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. 

എതിര്‍പ്പുണ്ടെങ്കില്‍ സര്‍ക്കാരുകള്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നും സാല്‍വെ പറഞ്ഞു. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ച സുപ്രീംകോടതി, സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കുകയായിരുന്നു. ഇതോടെ ജനുവരി 25 ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പദ്മാവദ് റിലീസാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com