ഓരോ ഷോട്ടിന് മുമ്പും ലാലേട്ടന്‍ ചോദിക്കും 'സര്‍ ഞാനെന്താ ചെയ്യേണ്ടത്? ലെജന്റാണ് മോഹന്‍ലാലെന്ന് പൃഥ്വി

ഒന്നു കൂടി ആ ഷോട്ട് എടുക്കാമെന്ന് പറയുമ്പോള്‍ 'പിന്നെ എന്താ' എന്ന മറുപടി മാത്രമേ നട്ടുച്ച വെയിലത്തും ലാലേട്ടനില്‍ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും പൃഥ്വി
ഓരോ ഷോട്ടിന് മുമ്പും ലാലേട്ടന്‍ ചോദിക്കും 'സര്‍ ഞാനെന്താ ചെയ്യേണ്ടത്? ലെജന്റാണ് മോഹന്‍ലാലെന്ന് പൃഥ്വി

ലൂസിഫറിന്റെ ചിത്രീകരണത്തിനിടെ ഓരോ ഷോട്ടിനു മുമ്പും മോഹന്‍ലാല്‍ തന്നോട് 'സര്‍ ഞാനെന്താ ചെയ്യേണ്ടത്' എന്ന് ചോദിക്കുമായിരുന്നുവെന്ന് പൃഥ്വിരാജ്. എന്താണ് ആ രംഗത്തില്‍ ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാമെങ്കിലും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് സംവിധായകന്‍ തന്നെ പറഞ്ഞു കേള്‍ക്കുന്നതിനായിരുന്നു അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ലാലേട്ടനെ കൊണ്ട് 15 ടേക്ക് വരെ എടുപ്പിച്ചിട്ടുണ്ടെന്നും പൃഥ്വി വെളിപ്പെടുത്തി. 

പലപ്പോഴും ലാലേട്ടന്റെ പിഴവായിരിക്കില്ല. ക്യാമറയുടെ ചലനമോ, ചിലപ്പോള്‍ ആളുകളില്‍ നിന്നുള്ള എന്തെങ്കിലും ഡയലോഗുകളോ ആയിരിക്കും പ്രശ്‌നമുണ്ടാക്കുന്നത്. ഒന്നു കൂടി ആ ഷോട്ട് എടുക്കാമെന്ന് പറയുമ്പോള്‍ 'പിന്നെ എന്താ' എന്ന മറുപടി മാത്രമേ നട്ടുച്ച വെയിലത്തും ലാലേട്ടനില്‍ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും പൃഥ്വി മനസു തുറക്കുന്നു. അത്രയും ലാളിത്യമുള്ള ഇതിഹാസം തന്നെയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. 

കൈനിറയെ ചിത്രമുള്ളപ്പോള്‍ സംവിധായകന്‍ ആവുകയെന്നത് ഏറ്റവും വിഷമകരമായ കാര്യമായിരുന്നുവെന്നും പക്ഷേ താന്‍ ഹൃദയം പറയുന്നതാണ് കേട്ടതെന്നും താരം പറയുന്നു. നാളെ പ്രായമായിക്കഴിയുമ്പോള്‍ ഒരുപക്ഷേ വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ സംവിധായകനാവാമെന്ന് വേണമെങ്കില്‍ വിചാരിക്കാവുന്നതേയുള്ളൂ. പക്ഷേ അന്ന് സംവിധാനത്തില്‍ താത്പര്യം ഉണ്ടാവണമെന്നില്ല.

 ചെറുപ്പത്തില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. റൂമില്‍ വലിയ പോസ്റ്റര്‍ വരെ ഒട്ടിച്ച് വച്ചു. അന്ന് എല്ലാവരും കളിയാക്കി. ഇനിയിപ്പോള്‍ നീ വാങ്ങിയാല്‍ തന്നെ ഈ റോഡുകളിലൂടെ എങ്ങനെ ഓടിക്കുമെന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. അതിലൊന്നും കാര്യമില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതുപോലെ തന്നെയാണ് സംവിധായകനായ കാര്യവുമെന്നും പൃഥ്വി പറഞ്ഞു. സാമ്പത്തികമായും സമയം ചിലവഴിക്കുന്ന കാര്യത്തിലും അതൊരു മണ്ടന്‍ തീരുമാനമായി മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. ബുദ്ധി പറയുന്നത് കേട്ട് സംവിധായകന്‍ ആവാതെയിരുന്നാല്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ പറ്റണമെന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com