'മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് ഞാന്‍ പറയുന്നില്ല, എന്നെ വട്ടു കളിപ്പിച്ചു'; അമ്മയ്ക്കെതിരെ ഷമ്മി തിലകൻ

ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള ഷമ്മി തിലകന്റെ നോമിനേഷൻ തള്ളി
ഷമ്മി തിലകൻ/ ഫയൽചിത്രം
ഷമ്മി തിലകൻ/ ഫയൽചിത്രം

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്നും തന്റെ നോമിനേഷൻ തള്ളിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് ‘അമ്മയെന്നുമാണ് താരം പറഞ്ഞത്. സംഘടന ജനാധിപത്യപരമായി മാറണം എന്ന ആഗ്രഹത്തോടെയാണ് താന്‍ നാമനിര്‍ദ്ദേശം നല്‍കിയതെന്നും. തന്റെ നോമിനേഷന്‍ മനപൂര്‍വം തള്ളപ്പെടുകയിരുന്നുവെന്നും ഷമ്മി തിലകന്‍ ആരോപിച്ചു. 

2021- 24 കാലഘട്ടത്തെ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള
ഷമ്മി തിലകന്റെ നോമിനേഷൻ തള്ളിയത്. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന്‍ തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം. തന്റെ നോമിനേഷനിൽ ഒപ്പിടരുതെന്ന് പലരേയും ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ പേരിൽ തന്നെ വട്ടു കളിപ്പിച്ചെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകൾ

എന്റെ നോമിനേഷന്‍ തള്ളിയത് മനപൂര്‍വം തന്നെയാണ്. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടു. ഞാന്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്‌നേഹത്തോടെ തന്നെ ഷമ്മി ഒരു റിബല്‍ അല്ലേ എന്ന് ചോദിച്ചു. ഡിസംബര്‍ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു.മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല.  വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നുമല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്. എനിക്ക് അത് നല്‍കേണ്ട എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് ‘അമ്മ’. അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്. എന്നാല്‍ അതിനും അപ്പുറമാണ് അമ്മ.- ഷമ്മി പറഞ്ഞു. 

മോഹൻലാൽ വീണ്ടും നയിക്കും

കഴിഞ്ഞ ദിവസം അമ്മയ്ക്കെതിരെ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഡിസംബർ 19നാണ് അമ്മ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com