'മുണ്ടും തെറുത്തു കുത്തി 'അതേടാ ഞാൻ കാശുള്ളവനാണെന്ന്' ആക്രോശിക്കുന്നതാണോ ഹീറോയിസം'; ജോജുവിന് എതിരെ ആലപ്പി അഷ്റഫ്

പെട്രോൾ വില വർധനവിനെതിരെ സൈക്കിളിൽ പ്രതിഷേധ യാത്ര നടത്തിയ തമിഴ് സൂപ്പർതാരം വിജയ്​യെ കണ്ടുപഠിക്കണമെന്നും അഷ്റഫ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പെട്രോൾ വിലവർധനവിന് എതിരെ കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തെ എതിർത്ത നടൻ ജോജു ജോർജിന്റെ നടപടിയെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ‘നിന്റെ കൈയ്യിൽ കാശുണ്ട്, എന്ന് ജോജുവിനു നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് തന്റെ പ്രതിനിധി. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. പെട്രോൾ വില വർധനവിനെതിരെ സൈക്കിളിൽ പ്രതിഷേധ യാത്ര നടത്തിയ തമിഴ് സൂപ്പർതാരം വിജയ്​യെ കണ്ടുപഠിക്കണമെന്നും അഷ്റഫ് പറയുന്നുണ്ട്. 

അഷ്റഫിന്റെ കുറിപ്പ് വായിക്കാം

‘നിന്റെ കൈയ്യിൽ കാശുണ്ട്’, ജോജുവിനു നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരുപക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാൾ.

ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടെങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. 

ആർടിഓ ഓഫിസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗർമാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയായിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടൻ വിജയ്​യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്.

അദ്ദേഹം പെട്രോൾ വില വർധനവിനെതിരെ സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര ആ നടൻ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക്  ദയവായ് നിങ്ങൾ കാർക്കിച്ച് തുപ്പരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com