മരക്കാർ ഒടിടി റിലീസിന്? ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ; ആമസോൺ പ്രൈമുമായി ചർച്ചകൾ ആരംഭിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 02:44 PM  |  

Last Updated: 25th October 2021 02:47 PM  |   A+A-   |  

marakkar ott release

മരക്കാർ പോസ്റ്റർ

 

ലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം തിയറ്ററിലായിരിക്കും പ്രദർശിപ്പിക്കുക എന്നായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവരികയാണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. 

എത്തുക ആമസോൺ പ്രൈമിൽ 

ചിത്രം റിലീസ് ചെയ്യാൻ ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മരക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി വരികയാണ്.

അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് 

നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

പലപ്രാവശ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റുകയായിരുന്നു. തിയറ്ററിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുകയൊള്ളൂ എന്നായിരുന്നു ആദ്യം ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നത്. ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് തിയറ്ററുകൾ തുറന്നിരുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെയാണ് പ്രദർശനം. നിരവധി മലയാളം സിനിമകളാണ് തിയറ്ററിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം മരക്കാർ കൂടി വരുന്നതോടെ തിയറ്ററുകളിൽ കാണികൾ നിറയുമെന്ന പ്രതീക്ഷയിലായിരുന്നു തിയറ്റർ ഉടമകൾ. അതിനിടെയാണ് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വരുന്നത്.