പുതിയതായി ആരംഭിച്ച വർക്കൗട്ടിന്റെയും ഡയറ്റിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് നടി നവ്യ നായർ. താൻ ചേർന്ന 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചുള്ള വിഡിയോയിലാണ് നവ്യ കാര്യങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്. 62–63 കിലോയിൽ നിർത്തിയിരുന്ന ശരീരഭാരം 70 കിലോ പിന്നിട്ടെന്നും മൂന്നു മാസം കൊണ്ടുണ്ടായ മാറ്റത്തിൽ നിന്ന് പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്നും വിഡിയോ ആരംഭിച്ചപ്പോൾ തന്നെ നവ്യ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരം പുതിയ ജീവിതക്രമം വിശദീകരിച്ചത്.
എറ്റിപിയുടെ ഡയറ്റ് പ്ലാനിലാണ് നവ്യ ചേർന്നിരിക്കുന്നത്. പതിവ് രീതികളിൽ വലിയ മാറ്റം വരുത്താതെ ഇഷ്ടങ്ങൾക്കെല്ലാം പ്രാധാന്യം നൽകികൊണ്ടാണ് ഡയറ്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് താരം പറയുന്നു. രാവിലെ എഴുന്നേറ്റാൽ പാൽ കുടിക്കുന്നത് ചെറുപ്പം മുതലുള്ള ശീലമാണ്, അതുപോലെ മധുരം കഴിക്കണം അതുകൊണ്ട് ഈ രണ്ട് ഇഷ്ടങ്ങളും ചേർത്ത് ആദ്യം തന്നെ ഷെക്ക് കുടിച്ചാണ് തുടക്കം. ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഷേക്കാണ് ഇത്.
രാവിലെ 6.30 - 7ന് ഇടയിലാണ് വർക്കൗട്ടിന് സമയം കണ്ടെത്തിയിരിക്കുന്നത്. പൊതുവേ ഷൂട്ടിങ്ങുകൾ ഇല്ലാത്ത സമയം നോക്കിയാണ് രാവിലെയുള്ള വർക്കൗട്ട് തെരഞ്ഞെടുത്തതെന്ന് നവ്യ പറയുന്നു. ഓൺലൈൻ വർക്കൗട്ട് രീതിയാണ് താൻ തെരഞ്ഞെടുത്തതെന്നും ഇതല്ലാതെ ട്രെയിനറുടെ സഹായമില്ലാതെ റെക്കോർഡഡ് ക്ലാസുകൾ വേണ്ടവർക്ക് അതും ലഭിക്കുമെന്ന് താരം കൂട്ടിച്ചേർത്തു. ആദ്യം വാംഅപ് ആണ്. അതിനുശേഷം ട്രെയിനർ പറയുന്നതനുസരിച്ച് വർക്കൗട്ട് ചെയ്യും. 20 റെപ്പറ്റീഷൻസുള്ള ജംപിങ് ജാക്സും ഡംപൽസ് ഉപയോഗിച്ചുള്ള വർക്കൗട്ടുമാണ് വിഡിയോയിൽ താരം ചെയ്തത്. ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഇതും വർക്കൗട്ടിന്റെ ഭാഗമാണ്.
8.30 ന് പ്രഭാതഭക്ഷണം. പാൻ കേക്ക് കഴിക്കാം, അതല്ലെങ്കിൽ ദോശ ചപ്പാത്തി, അപ്പം എന്നിവ രണ്ടെണ്ണം കഴിക്കാം ഇഡ്ഡലിയാണെങ്കിൽ മൂന്നെണ്ണം കഴിക്കാം. രണ്ടു സ്പൂൺ ഓട്സ് എടുത്ത് വെള്ളത്തിൽ വേവിച്ച് അതിൽ കുറച്ച് സ്ലിംമിൽക്കും അല്പം ഉപ്പും ചേർക്കും. ഇത് തണുത്തു കഴിയുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കും. നമ്മൾ കഴിക്കുന്നതിന് തൊട്ടു മുൻപ് വീട്ടിലുള്ള ഫ്രൂട്ട്സ് ചേർക്കും. ഇതിൽ ആപ്പിൾ, പപ്പായ, തണ്ണിമത്തൻ, ഈന്തപ്പഴം, ബദാം ഫ്ലെയ്ക്സും ചേർത്തിട്ടുണ്ട്, തന്റെ പ്രാതലിനെക്കുറിച്ച് നവ്യ വിവരിച്ചു. ഭക്ഷണം പൂർണ്ണമായി ഒഴിവാക്കാതെ കഴിക്കുന്ന അളവ് നിയന്ത്രിച്ചും തവണകൾ കൂട്ടിയുമാണ് ഡയറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു ദിവസത്തെ മെനു ആറ് മീലുകൾ ആയിട്ടാണ് വേർതിരിച്ചിരിക്കുന്നത്. ആദ്യം ഡ്രിങ്ക്, രണ്ട് ബ്രേക്ക്ഫാസ്റ്റ്, പതിനൊന്നു മണിക്ക് ബ്രഞ്ച്, 1–1.30ന് ലഞ്ച്, 4–4.30ന് ഒരു ചായ കൂടെ ഒരു ഫ്രൂട്ട് വേണമെങ്കിൽ കഴിക്കാം. രാവിലെ ഓട്സിന്റെ കൂടെ ഫ്രൂട്ട്സ് കഴിക്കുന്നതു കൊണ്ട് ചായയുടെ കൂടെ ഞാൻ കടല ആയിരിക്കും കഴിക്കുന്നത്. വൈകിട്ട് 7.30നു മുൻപായി ഡിന്നർ. കിടക്കുന്നതിനു മുൻപ് ഒരു ഹൽദി മിൽക്കും കൂടി കുടിക്കും, നവ്യ പറഞ്ഞു. ഏഴു മണിക്കൂറെങ്കിലും ഉറക്കം കിട്ടണം. അതുകൊണ്ട് പത്തു മണി ആകുമ്പോഴേക്കും ഉറങ്ങാൻ കിടക്കും. രാവിലെ 5.30 ന് എഴുന്നേൽക്കും, താരം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates