അവരെല്ലാം രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാന്‍ വരുമെന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍; വിനയൻ

കൽപ്പനയ്ക്ക് അല്ലാതെ മറ്റാർക്കും പൃഥ്വിരാജാണ് നായകൻ എന്ന് അറിയില്ലായിരുന്നു എന്നാണ് വിനയൻ പറയുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

പൃഥ്വിരാജിനേയും ​ഗിന്നസ് പക്രുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് അത്ഭുതദ്വീപ്. കഴിഞ്ഞ ദിവസമാണ് ​ഗിന്നസ് പക്രു ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിലെ നായിക മല്ലിക കപൂറിനെ പറ്റിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നത് എന്നാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിനയൻ. പൃഥ്വിരാജിന് സിനിമയിൽ വിലക്കേർപ്പെടുത്തിയിരുന്ന സമയമായിരുന്നു. അതിനാൽ കൽപ്പനയ്ക്ക് അല്ലാതെ മറ്റാർക്കും പൃഥ്വിരാജാണ് നായകൻ എന്ന് അറിയില്ലായിരുന്നു എന്നാണ് വിനയൻ പറയുന്നത്. അന്യായമായ വിലക്കിനേയും ഒറ്റപ്പെടുത്തലിനെയും ഒക്കെ എതിര്‍ത്തു തോല്‍പ്പിക്കണം എന്ന ശക്തമായ അഭിപ്രായമുള്ള ആളായിരുന്നു കല്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിനയന്റെ കുറിപ്പ് വായിക്കാം

അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കല്‍ സംഘടനകളാണ്. മല്ലിക കപൂര്‍ ഇന്നും ആ സിനിമയെ ഓര്‍ക്കുന്നത് അത്ഭുതത്തോടെയാണ് എന്ന് പറയാറുണ്ട്.  ഗിന്നസ് പക്രു പറഞ്ഞതു പോലെ അത്ഭുതദ്വീപിലെ നായിക മല്ലിക കപൂറിനോട് പൃഥ്വിരാജാണ് നായകന്‍ എന്നല്ല പറഞ്ഞിരുന്നത്.
പൊക്കം കുറഞ്ഞവരുടെ രാജ്യത്തെ രാജകുമാരന്‍ ഗജേന്ദ്രന് കല്യാണം ഉറപ്പിച്ചിരുന്ന രാജകുമാരി പൃഥ്വിരാജിന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന കഥ തന്നെയാണ് മല്ലികയോട് പറഞ്ഞത്. പക്ഷേ അഭിനയിക്കുന്നവരെ പറ്റി ഒരു വിവരവും വെളിയില്‍ പറയരുതെന്ന് മല്ലികയോടെ നിഷ്കര്‍ഷിച്ചിരുന്നു. അത്ഭുതദ്വീപിന്റെ കഥ കേട്ട അന്നു മുതല്‍ തന്റെ നായിക ആരാണെന്ന് ആകാംക്ഷയോടെ ചോദിച്ചിരുന്ന പക്രുവിനോട് അതൊരു സസ്പെന്‍സാണ് വെയിറ്റ് ചെയ്യൂ എന്ന് ഞാന്‍ തമാശയില്‍ പറയുമായിരുന്നു. മലയാള സിനിമയിലെ അന്നത്തെ അറിയപ്പെടുന്ന നായികമാര്‍ ആരെങ്കിലുമായിരിക്കും അത്ഭുതദ്വീപിലെ നായിക എന്നാണ് പലരും ധരിച്ചത്. പക്ഷേ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ നായികായി അഭിനയിക്കാന്‍ അന്ന് ലൈംലൈറ്റില്‍ നിന്നിരുന്ന നായികമാരോട് സംസാരിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് സവിനയം ഒഴിഞ്ഞു മാറിയ കാര്യം എന്റെ മനസ്സില്‍ ഉണ്ടായിരുന്നല്ലോ.. ആ നടിമാരില്‍ ആരെങ്കിലും രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാന്‍ വരുമെന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍. അതുകൊണ്ട് ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച സുന്ദരിയായ മല്ലികയെ നായികയായി കണ്ടുവച്ചിരുന്നു. 
പൃഥ്വിരാജ് ആ ചിത്രത്തിലുണ്ടെന്ന് വെളിയില്‍ പറയരുതെന്ന് നിര്‍ദ്ദേശിക്കാന്‍ അന്നൊരു പ്രത്യേക കാരണമുണ്ടായിരുന്നു. പൃഥ്വിരാജിന് ചില സിനിമാ സംഘടനകള്‍ ആ സമയത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ വിലക്കിനെ മറികടന്ന് രാജുവിനെ എന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കും എന്ന തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും എനിക്കുണ്ട്. എന്റെ പ്ലാന്‍ പറഞ്ഞപ്പോള്‍ രാജുവിന്റെ അമ്മ മല്ലിക ചേച്ചിക്കും വളരെ സന്തോഷമായി. മുന്നൂറിലധികം പൊക്കം കുറഞ്ഞവരെ വച്ചെടുക്കുന്ന സിനിമയില്‍ പക്രുവാണ് നായകന്‍ എന്ന രീതിയില്‍ പരസ്യം കൊടുത്ത ശേഷമാണ് ജഗതി ശ്രീകുമാറിനും, ജഗദീഷിനും, ഇന്ദ്രന്‍സിനും, കല്‍പനയ്ക്കും ഒക്കെ അഡ്വാന്‍സ് കൊടുത്ത് എഗ്രിമെന്റിട്ടത്. ആ കൂട്ടത്തില്‍ കല്‍പനയ്ക്ക് മാത്രമാണന്ന് പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന നടന്‍ എന്ന വിവരം അറിയാമായിരുന്നത്. ഇത്തരം അന്യായമായ വിലക്കിനേയും ഒറ്റപ്പെടുത്തലിനെയും ഒക്കെ എതിര്‍ത്തു തോല്‍പ്പിക്കണം എന്ന ശക്തമായ അഭിപ്രായമുള്ള ആളായിരുന്നു കല്‍പന. ഏതോ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ജഗതിച്ചേട്ടനേയും കല്‍പനയേയും കാണുന്നത്. ഇതില്‍ പൃഥ്വിരാജുണ്ടെന്നാണ് ആരോ പറഞ്ഞത് അയാളുണ്ടെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ല കേട്ടോ, സംഘടന ഭയങ്കര വാശിയിലാ എന്നു പറഞ്ഞ ജഗതിച്ചേട്ടനോട് വിനയേട്ടനല്ലേ പറഞ്ഞത് പക്രുവാണ് നായകന്‍ എന്ന് പിന്നെ നമുക്കെന്താ പ്രശ്നം എന്നു പറഞ്ഞ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചിരിച്ച കല്‍പനയുടെ മുഖം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. അന്നാ എഗ്രിമെന്റ് ഒപ്പിടുമ്പോള്‍ ജഗതിച്ചേട്ടന്റെ ഉള്ളിലും പൃഥ്വിയുടെ കാര്യം അറിയാമായിരുന്നോ എന്നെനിക്ക് സംശയമാണ് - കാരണം, എഗ്രിമെന്റ് ഒക്കെ ഒപ്പിട്ട് വാങ്ങിയതിനു ശേഷം പൃഥ്വിരാജിന്റെ ദേഹത്ത് പത്തോളം കൊച്ചുമനുഷ്യര്‍ കയറി ഇരിക്കുന്ന ഫോട്ടോയോടെ അത്ഭുതദ്വീപിന്റെ റൈറ്റപ്പ് പത്രത്തില്‍ വന്നപ്പോള്‍ എഗ്രിമെന്റ് ഒപ്പിട്ടു പോയില്ലേ ഇനിയിപ്പോ അഭിനയിക്കാതിരിക്കാന്‍ പറ്റുമോ എന്ന് സംഘടനയില്‍ പറഞ്ഞ ജഗതിച്ചേട്ടനും ആ വിലക്കിനെ എതിര്‍ത്തിരുന്നു എന്നതാണ് സത്യം.
അങ്ങനെ അത്ഭുതദ്വീപിന്റെ റിലീസോടെ പൃഥ്വിരാജിനെതിരെയുള്ള വിലക്ക് ഒലിച്ചു പോയി. രാജു സജീവമായി സിനിമയില്‍ തിരിച്ചു വന്നു. പക്ഷേ വിദേശമാധ്യമങ്ങള്‍ പോലും വ്യത്യസ്തമെന്ന് പരാമര്‍ശിച്ച ആ ഫാന്റസി ചിത്രത്തെ പറ്റി മലയാള സിനിമയിലെ സുഹൃത്തുക്കള്‍ക്ക് മാത്രം നല്ല അഭിപ്രായം തോന്നിയില്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്ന ആ കാലത്ത് സിനിമയിലെ ചില കോക്കസുകളായിരുന്നല്ലോ നല്ലതും ചീത്തയുമൊക്കെ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം 17 വര്‍ഷം മുന്‍പ് ഇറങ്ങിയ ആ ചിത്രം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. പക്ഷേ ആ ചിത്രത്തോടെ കുഞ്ഞു മനുഷ്യരെല്ലാം സെലിബ്രിറ്റികളായി. അത്ഭുതദ്വീപോടെ പക്രു ഗിന്നസ് പക്രുവായി. എന്നു മാത്രമല്ല ഒട്ടേറെ കുഞ്ഞു മനുഷ്യര്‍ക്ക് വിവാഹം കഴിക്കുവാനും കുടുംബം പോറ്റുവാനുമുള്ള പോസിറ്റീവ് എനര്‍ജിയായി മാറി ആ ചിത്രം. ഞാന്‍ തന്നെ അവരില്‍ നിരവധി പേരുടെ വിവാഹത്തിന് നേരിട്ട് പങ്കെടുത്തു. ഇന്നും പുതിയ ജനറേഷനിൽ പെട്ട ചെറുപ്പക്കാർ ഈ ചിത്രത്തെ കുറിച്ച് ട്രോളുകൾ ഇറക്കുകയും മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി ചിത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com