തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 01:19 PM  |  

Last Updated: 23rd April 2022 01:48 PM  |   A+A-   |  

john_paul

ജോണ്‍ പോള്‍/ ഫയല്‍

 

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. 

നൂറോളം സിനിമകള്‍ക്കാണ് ജോണ്‍പോള്‍ തിരക്കഥയെഴുതിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്. 

കമലിന്റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, യാത്ര, കാതോട് കാതോരം, ഇണ, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, മാളൂട്ടി, ഉണ്ണികളെ ഒരു കഥപറയാം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം തുടങ്ങിയ ജോണ്‍പോളിന്റെ ശ്രദ്ധേയ സിനിമകളാണ്. 

എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. കെയര്‍ ഓഫ് സൈറ ബാനു, ഗ്യാങ്‌സ്റ്റര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. എംടി ഒരു അനുയാത്ര എന്ന ഗ്രന്ഥത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

തേരേസ ഹാഡ് എ ഡ്രീം എന്ന ഇംഗ്ലീഷ് ബയോപികിനും ജോണ്‍പോള്‍ തിരക്കഥ ഒരുക്കിയിരുന്നു. 1950 ഒക്ടോബര്‍ 29 നാണ് ജോണ്‍പോളിന്റെ ജനനം. പി വി പൗലോസും റബേക്കയുമാണ് മാതാപിതാക്കള്‍. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് കാനറാ ബാങ്ക് ജീവനക്കാരനും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

പ്രേംനസീറിന്റെ വീട് ലൈല കോട്ടേജ് വിൽപനയ്ക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ