'പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകം'; അന്വേഷണ തലവനെ മാറ്റിയതിൽ ആശങ്കയെന്ന് ഡബ്ല്യൂസിസി

അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി നടന്നതെന്നും കുറിപ്പിൽ പറയുന്നു
ദിലീപ്/ ഫയൽ ചിത്രം
ദിലീപ്/ ഫയൽ ചിത്രം

ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്ക അറിയിച്ച് സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യൂസിസി. നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സമയത്തെ പൊലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്നതാണ് എന്നാണ് ഡബ്ല്യൂസിസി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിച്ചതിന് പിന്നാലെയാണ് അഴിച്ചുപണി നടന്നതെന്നും കുറിപ്പിൽ പറയുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്നും ഡബ്ല്യൂസിസി പറഞ്ഞു. 

ഡബ്ല്യൂസിസിയുടെ കുറിപ്പ് 

ഞങ്ങൾക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ  അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ,  എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ്  ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച്  തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി  നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി  തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്.  കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന  ഞങ്ങളുടെ സഹപ്രവർത്തകയുടെ  പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും  അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com