ട്രോളന്മാരെയല്ല താൻ വിമർശിച്ചത് മോശം കമന്റിടുന്നവരെയെന്ന് നടൻ ടിനി ടോം. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ട്രോളന്മാരെക്കുറിച്ചാണ് എന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് ടിനി ടോം ഫേയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. ജീവിതത്തിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് താനെന്നും നമ്മൾ കാരണം ഒരുകിലോ അരിയെങ്കിലും അവർക്ക് മേടിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും ടിനി ടോം പറഞ്ഞു.
‘‘ട്രോളന്മാരായി എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെ ട്രോളാൻ പാടില്ലെന്ന് പറയാൻ പാടില്ല. മിമിക്രി എന്നു പറയുന്നത് തന്നെ ട്രോളാണ്. ഞാനും അതിന്റെ ഭാഗമാണ്. ഏറ്റവും ഗംഭീരമായും സെന്‍സിബിളായും കമന്റ് ചെയ്യുന്ന ആളുകൾ ട്രോളന്മാരാണ്. ജീവിതത്തിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാൻ. ഒരുപാട് പേരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. നമ്മൾ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ട്രോൾ വരുന്നതും അത് ശ്രദ്ധിക്കപ്പെടുന്നതും. അത് മൂലം അവര്‍ക്ക് എന്തെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യം. നമ്മൾ കാരണം ഒരുകിലോ അരിയെങ്കിലും അവർക്ക് മേടിക്കാൻ പറ്റുന്നുണ്ടെങ്കിൽ സന്തോഷമേ ഒള്ളൂ.- ടിനി ടോം പറഞ്ഞു.
പീഡന കേസിലോ പെണ്ണു കേസിലോ മയക്കുമരുന്നു കേസിലോ ഉൾപ്പെട്ട ആളല്ല താനെന്നും താരം കൂട്ടിച്ചേർത്തു. ജനങ്ങളിൽനിന്നും വന്നൊരു കലാകാരനാണ് ഞാൻ. അവരുടെ കയ്യടി കിട്ടിയാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല.- ടിനി ടോം പറഞ്ഞു.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ടിനി ടോം രംഗത്തെത്തിയത്. തന്നെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ അതിനെ ഒന്നുമാകാൻ സാധിക്കാത്തവരുടെ രോധനം മാത്രമായാണ് കാണുന്നതെന്നാണ് താരം പറഞ്ഞത്. മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട്. അതൊന്നും ആരെയും സ്വാധീനിച്ച് നേടിയതല്ല. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നവർ ഭൂമിക്കടിയിലെ പുഴുക്കളാണ്, അവർ എവിടെയും എത്താൻ പോകുന്നില്ലെന്നും താരം പറഞ്ഞു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായതിനു പിന്നാലെയാണ് ടിനി ടോമിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates