ലൊക്കാര്‍ണോയിൽ മലയാളത്തിന്റെ ​ഗർജനം, ഓപ്പണിങ് ചിത്രമായി അറിയിപ്പ്, കണ്ടത് 2500 പേർ; സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 12:11 PM  |  

Last Updated: 05th August 2022 12:11 PM  |   A+A-   |  

kunchacko_boban_locarno_film_fest

ചിത്രം: ഫേയ്സ്ബുക്ക്

 

ലോക സിനിമയ്ക്കു മുന്നിൽ മലയാളത്തിന്റെ അഭിമാനമായി കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അറിയിപ്പ്. സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയിലെ മത്സരവിഭാ​ഗത്തിലെ ഓപ്പണിങ് ചിത്രമായാണ് അറിയിപ്പ് പ്രദർശിപ്പിക്കപ്പെട്ടത്. 2500 കാണികളെ സാക്ഷിയാക്കിക്കൊണ്ട് ചിത്രം പ്രദർശിപ്പിക്കപ്പെട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. 

കഴിഞ്ഞ മാസമാണ് ലൊക്കാര്‍ണോ ചലച്ചിത്രമേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ട വിവരം കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, നടി ദിവ്യ പ്രഭ എന്നിവർക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചലച്ചിത്ര മേളയിൽ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ഉദയ പിക്ചേഴ്സ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ലൊക്കാര്‍ണോയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

75ാം ലൊകാര്‍നോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളം ഗര്‍ജിച്ചപ്പോള്‍. ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലെ ഓപ്പണിങ് ചിത്രമായിട്ടായിരുന്നു ആറിയിപ്പിന്റെ വേള്‍ഡ് പ്രീമിയര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ഓളം പേരാണ് കാണികളായുണ്ടായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ വലിയ കരഘോഷമുണ്ടായി. തുടര്‍ന്നു നടന്ന ചോദ്യോത്തര വേളയില്‍ സിനിമയ്ക്ക് ലഭിച്ച പ്രശംസ സ്വപ്‌നം കാണുന്നതിലും അപ്പുറമായിരുന്നു.- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. മഹേഷ് നാരായണനും തന്റെ നിര്‍മാണ പങ്കാളിയായ ഷെബിനും ദിവ്യ പ്രഭ ഉള്‍പ്പടെയുള്ളവര്‍ക്കും നന്ദി പറയാനും താരം മറന്നില്ല.

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു. ഋതുപര്‍ണ്ണ ഘോഷ് സംവിധാനം ചെയ്‍ത ബംഗാളി ചിത്രം അന്തര്‍മഹല്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആ വോൾവോ വാങ്ങിയത് ഞാനല്ല, അത് കാപ്പയുടെ നിർമാതാവ് എടുത്ത വണ്ടി'; ഷാജി കൈലാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ