'ആ കുഴി കേരളത്തിലെ കുഴിയേ അല്ല'; പരസ്യ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും നടന്‍
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. 

തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയില്‍ പറയുന്നത് തമിഴ് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെയാണെന്ന് പറയേണ്ടിവരുമല്ലോ? ദൈവമേ ഇനി അവിടെനിന്ന് ആരൊക്കെയാണ് വിളിച്ചു പറയാന്‍ പോകുന്നത്.- ചിരിയോടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പരസ്യം കണ്ടപ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.  

ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല സിനിമയെടുത്തിരിക്കുന്നത്. കൊഴുമ്മല്‍ രാജീവന്‍ എന്ന മുന്‍കാല കള്ളന്‍ മര്യാദയ്ക്ക് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കുഴി എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയും ഭാഗമാണ്. അത് എങ്ങനെ ഒരു സാധാരണ മനുഷ്യനെ ബാധിക്കുന്നു എന്നത് തമാശയും സറ്റയറും ചേര്‍ത്ത് പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ്. - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

കേരളത്തിലെ കുഴികളെക്കുറിച്ചും താരം പറഞ്ഞു. വേനല്‍കാലത്ത് നടക്കേണ്ട റോഡ് പണി മഴക്കാലത്തായിരിക്കും നടക്കുക. റോഡ് പണിതു കഴിഞ്ഞാല്‍ വാട്ടര്‍ അതോറിറ്റിയും ഇലക്ട്രിക്കല്‍ അതോറിറ്റിയുമെല്ലാം വന്ന് വെട്ടിപ്പൊളിക്കും. ഇത്തരത്തില്‍ സഹകരണമില്ലാതെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചറിനെ കാര്യമായി ബാധിക്കുന്നുണ്ട്.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം കാറില്‍ പോകുമ്പോള്‍ ഒരു കുഴിയില്‍ ചാടിയാല്‍ നന്നായി ഓടിച്ച ദൂരത്തേക്കാള്‍ പറയുക ആ കുഴിയെക്കുറിച്ചാണ്. നല്ലത് വല്ലതും ചെയ്താല്‍ അതിലെ തെറ്റ് കണ്ടുപിടിക്കാനായിരിക്കും കൂടുതല്‍ പേരും ശ്രമിക്കുകയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com