'ഗാന്ധിയെ കൊന്നത് ​ഗോഡ്സെയെന്ന് പറഞ്ഞാൽ പ്രശ്നമാകും', മഹാനിലെ ഡയലോ​ഗ് മാറ്റേണ്ടിവന്നുവെന്ന് കാർത്തിക് സുബ്ബരാജ്; വിഡിയോ

'ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍​ ​ഗോഡ്സെയാണ് ​ഗാന്ധിയെ കൊന്നതെന്ന് പറയാന്‍ പാടില്ല. നമ്മുടെ നാടിന്റെ അവസ്ഥയിതാണിപ്പോള്‍'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വിക്രത്തെ പ്രധാന കഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലെ ഒരു സംഭാഷണം മാറ്റേണ്ടിവന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക് സുബ്ബരാജ്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ തീവ്രവാദിയാണെന്ന് പറയുന്ന ഒരുഭാ​ഗമുണ്ടായിരുന്നു. ഇത് പ്രശ്നം ആകുമെന്ന് പറഞ്ഞ് മാറ്റേണ്ടിവന്നത്. നമ്മുടെ നാടിന്റെ അവസ്ഥ അത്രത്തോളമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 

​ഗാന്ധിയെക്കുറിച്ച് എന്തും പറയാം ​ഗോഡ്സെയെ പറഞ്ഞാൽ പ്രശ്നം

'നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ വധിച്ചത്' എന്ന് വില്ലനോട് വിക്രം പറയുന്ന ഡയലോ​ഗുണ്ടായിരുന്നു. അതിലെനിക്ക് ഗോഡ്‌സെയുടെ പേര് ഉപയോഗിക്കാന്‍ സാധിച്ചില്ല. ​ഗാന്ഡിയെക്കുറിച്ച് എന്തു പറഞ്ഞാലും പ്രശ്നമില്ലെന്നും ​ഗോഡ്സെയെക്കുറിച്ച് അങ്ങനെ പറഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമെന്ന രീതിയിൽ പറഞ്ഞു. ഒടുവില്‍ ആ സംഭാഷണം മാറ്റേണ്ടി വന്നു. നിങ്ങളെപ്പോലുള്ളവരാണ് ഗാന്ധിയെയും ഗാന്ധിസത്തെയും കൊന്നത് എന്നാക്കി മാറ്റേണ്ടതായി വന്നു. - കാർത്തിക് സുബ്ബരാജ് പറഞ്ഞു. 

ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍​ ​ഗോഡ്സെയാണ് ​ഗാന്ധിയെ കൊന്നതെന്ന് പറയാന്‍ പാടില്ല. നമ്മുടെ നാടിന്റെ അവസ്ഥയിതാണിപ്പോള്‍. ഗോഡ്‌സെ തീവ്രവാദിയാണ്. നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി. അത് പറയാന്‍ പാടില്ലെന്ന് പറയുന്ന അവസ്ഥയില്‍ നമ്മുടെ നാട് എത്തിയിരിക്കുന്നു- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രമാണ് പ്രധാന വേഷത്തിൽ എത്തിയത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. സിമ്രാന്‍, ബോബി സിന്‍ഹ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com