മരുന്നു കഴിക്കാത്തതാണ് കാരണമെന്ന് ശ്രീജിത്ത് രവി; സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് വക്കീൽ കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 05:17 PM  |  

Last Updated: 07th July 2022 05:20 PM  |   A+A-   |  

sreejith_ravi-

ശ്രീജിത്ത് രവി

 

പോക്സോ കേസിൽ അറസ്റ്റിലായ ‍നടൻ ശ്രീജിത്ത് രവിക്ക് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് വക്കീൽ കോടതിയിൽ. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വക്കീൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജിത്ത് രവി രോഗിയാണെന്നും കുറ്റം ചെയ്യാൻ കാരണം ഈ രോ​ഗമാണ് എന്നുമാണ് പറഞ്ഞത്. കോടതിയില്‍ ചികിത്സ രേഖകള്‍ ഹാജരാക്കിയെങ്കിലും മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വാദം കോടതി തള്ളുകയായിരുന്നു. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ ശ്രീജിത്ത് രവിയുടെ ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

രണ്ടാം തവണയാണ് പ്രതിക്കെതിരെ കേസ് വരുന്നതെന്നും ഒന്നാമത്തെ കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാകുമെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും നടൻ പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി.

കേസില്‍ ഇന്നു രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മാസ്റ്റർ ഈസ് ബാക്ക്', കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ