'ഒരുപാട് ആഗ്രഹിച്ച വേഷം', രവിവര്‍മ്മനായി ജയറാം, പൊന്നിയിന്‍ സെല്‍വത്തിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് താരം

രവിവര്‍മ്മന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിരയില്‍ ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ ജയറാമും അഭിനയിക്കുന്നുണ്ട്. രവിവര്‍മ്മന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജയറാം. 

രവിവര്‍മ്മന്റെ വേഷത്തില്‍ ഇരിക്കുന്ന ജയറാമിനെ ആണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകന്‍ മണിരത്‌നത്തേയും കൂടെ കാണാം. ഒരുപാട് ആഗ്രഹിച്ച വേഷമാണിത് എന്നാണ് ജയറാം കുറിക്കുന്നത്. രവിവര്‍മ്മന്‍...മണിരത്‌നം വാക്കുകള്‍ക്ക് അതീതമായ പ്രതിഭകള്‍..ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ ശെല് വന്‍...ഒരുപാട് ആഗ്രഹിച്ച വേഷം..ആള്‍വാര്‍ക്ക്അടിയന്‍ നമ്പി.- ജയറാം കുറിച്ചു.

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാർത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. 

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ നിർമാണം.  രവി വര്‍മനാണ് ഛായാഗ്രഹണം.  ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 നു ചിത്രം തീയേറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com