'എന്റെ തങ്കമേ, വിവാഹവേഷത്തിൽ നീ വരുന്നതു കാണാനായി കാത്തിരിക്കുന്നു'; കുറിപ്പുമായി വിഘ്നേഷ് ശിവൻ

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന നയൻസ് വിക്കി വിവാഹം ഇന്നാണ്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ് വിവാഹം നടക്കുക. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയയിൽ വി​ഘ്നേഷ് കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. വിവാഹവേഷത്തിൽ നയൻസ് വരുന്നതു കാണാനായി കാത്തിരിക്കുകയാണ് എന്നാണ് വിഘ്നേഷ് കുറിച്ചത്. 

ഇന്ന് ജൂണ്‍ 9, നയന്‍'സ് ആണ്. ദൈവത്തോടും ഈ പ്രപഞ്ചത്തോടും നന്ദി പറയുന്നു. എന്റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ മനുഷ്യരുടേയും ആത്മവിശ്വാസത്തിനും നന്ദി. എല്ലാ നല്ലവരോടും എല്ലാ നല്ല നിമിഷങ്ങള്‍ക്കും എല്ലാ നല്ല സംഭവങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഷൂട്ടിങ് ദിനങ്ങളും എല്ലാ പ്രാര്‍ത്ഥനയും ജീവിതം മനോഹരമാക്കി. നിങ്ങളുടെ ആവിഷ്‌കാരത്തിലും പ്രാര്‍ത്ഥനയിലും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇന്ന് അതെല്ലാം എന്റെ ജീവിതത്തിലെ പ്രണയത്തിന് സമര്‍പ്പിക്കുന്നു. എന്റെ തങ്കമേ, കുറച്ചുമണിക്കൂറിനുള്ളില്‍ ഈ ഏയ്‌സലിലൂടെ നടന്നുവരുന്നത് കാണുന്നതിന് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മുന്നില്‍ വച്ച് പുതിയ അധ്യായം ഔദ്യോഗികമായി ആരംഭിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.- വിഘ്നേഷ് കുറിച്ചു. 

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com