'ഞാനാണ് ഭാവനയെ ക്ഷണിച്ചത്, തലേ ദിവസം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു'; രഞ്ജിത്ത് 

ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താനാണെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ഭാവന ചടങ്ങില്‍ സുരക്ഷിതമായി പങ്കെടുത്ത് പോകുന്നതിനുവേണ്ടിയാണ് വാര്‍ത്ത പുറത്തുവിടാതിരുന്നതെന്നും മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു. ഭാവനയെ ക്ഷണിച്ചതില്‍ ബാഹ്യപ്രേരണയൊന്നുമില്ലെന്നും മുഖ്യമന്ത്രിയെ നേരിട്ടു പോയി കണ്ട് ഭാവനയെ ക്ഷണിച്ച വിവരം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭാവനയെ ഞാനാണ് പരിപാടിയിലേക്ക് ക്ഷണിക്കുക. അവര്‍ പരിപാടിയില്‍ സുരക്ഷിതമായി വന്ന് പങ്കെടുത്തു പോകുന്നതിന് പബ്ലിസിറ്റി നല്‍കേണ്ടതില്ലെന്നുവച്ചു. നാളുകള്‍ക്ക് ശേഷം ഒരു പൊതുപരിപാടിയ്‌ക്കെത്തുമ്പോള്‍ മാധ്യമങ്ങളുണ്ടാകും. അത് കൈകാര്യം ചെയ്യാനാവുമോ എന്ന ആശങ്ക ഭാവന പങ്കുവച്ചിരുന്നു. ഈ വാര്‍ത്ത അക്കാദമിയായി പുറത്തുവിടില്ലെന്ന് പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി ചെയ്തതാണ്. ഇതിനകത്ത് ഒരു ബാഹ്യപ്രേരണയുമില്ല. എന്റെ സ്വന്തം തീരുമാനമാണ്. അക്കാദമിയിലെ എല്ലാ സഹപ്രവര്‍ത്തകരും ആ തീരുമാനത്തോട് കൂടെ നിന്നു.- രഞ്ജിത്ത് പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും രഞ്ജിത്ത് മറുപടി നല്‍കി. 'ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും. ഞാനതിനെ കാര്യമായിട്ടെടുക്കുന്ന ആളല്ല. എന്നെ അതൊന്നും കാട്ടി ആര്‍ക്കും ഭയപ്പെടുത്താനുമാവില്ല. പുരുഷന്മാരെയും സ്ത്രീകളേയും അല്ലാതെ ഞാന്‍ പക്ഷിമൃഗാദികളെവച്ചൊന്നും സിനിമ ചെയ്തിട്ടില്ല. അത്തരം തറ വര്‍ത്തമാനമൊന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഏഴു ടേം പൂര്‍ത്തിയാക്കുന്ന എന്റെ അടുത്ത് ചെലവാകില്ല. എനിക്കു തോന്നുന്നത് ഞാന്‍ ചെയ്തിരിക്കും. അതിന് തീര്‍ച്ചയായും സാസ്‌കാരിക വകുപ്പ് മന്ത്രിയുടേയും സര്‍ക്കാരിന്റേയും പിന്തുണയുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും തന്നെയുണ്ടാകില്ല. മുഖ്യമന്ത്രിയോട് ഭാവന വരുന്ന കാര്യം ഓഫിസില്‍ പോയി പറഞ്ഞിരുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപ്രതീക്ഷിതമായാണ് ഐഎഫ്എഫ്‌കെ വേദിയിലേക്ക് ഭാവന എത്തിയത്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് പറഞ്ഞുകൊണ്ട് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com