'കൊലപാതകം ചെയ്തത് ജഗദീഷ് ആണ്, ആരോടും പറയില്ലെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു'; മുകേഷ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2022 01:41 PM |
Last Updated: 11th May 2022 01:41 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവും ഗംഭീരമാക്കിയിരിക്കുകയാണ്. ചരിത്രം കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം എത്തിയത്. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത അഞ്ചാം ഭാഗത്തിലും മുകേഷ് പ്രധാന വേഷത്തിലെത്തിയിരുന്നു. സേതുരാമയ്യരുടെ ടീം അംഗമായ ചാക്കോയുടെ വേഷത്തിലാണ് മുകേഷ് എത്തിയത്. ചിത്രത്തിന്റെ ആദ്യഭാഗം മുതൽ മുകേഷ് ചിത്രത്തിലുണ്ട്. സിബിഐ സിനിമകളുടെ ഷൂട്ടിനിടയ്ക്ക് സംഭവിച്ച രസകരമായ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മുകേഷ്. സിബിഐ 5 ടീമിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്.
ആദ്യ ഭാഗം റിലീസായി 100 ദിവസമായപ്പോൾ മദ്രാസിലെ ഒരു തിയറ്ററിൽ പോയി സിനിമകണ്ട അനുഭവം മുകേഷ് പങ്കുവച്ചത് ഇങ്ങനെ; 'മദ്രാസിലെ സഫൈര്‍ തിയറ്ററില്‍ 250 ദിവസം സിബിഐ ഓടിയിരുന്നു. 100 ദിവസമായപ്പോള്‍ അവിടുത്തെ എന്റെ കുറച്ച് സുഹൃത്തുക്കളുമായി ഞാന്‍ സിനിമ കാണാന്‍ പോയി. അപ്പോഴും സിനിമ ഹൗസ് ഫുള്ളായിരുന്നു. അന്ന് അത്ര പ്രശസ്തിയൊന്നും എനിക്കില്ല. സിനിമ കണ്ടിറങ്ങിയ ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. ഈ സിനിമ ഞങ്ങള്‍ തമിഴ്നാട്ടുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരഭിപ്രായമുണ്ട്. മമ്മൂട്ടി സാറിന് പെരിയ ക്രിമിനല്‍ മൈൻഡ് ആണ്. അയാള്‍ ആ പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ അന്ന് ഇല്ല. ഞാന്‍ എസ്ടിഡി ബൂത്തില്‍ പോയി മമ്മൂട്ടിയെ വിളിച്ചു.
ഫോണില്‍ കിട്ടിയപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം വന്നത് ഞാന്‍ പറഞ്ഞു. ‘നീ എന്തു പറഞ്ഞുവെന്ന്’ എന്നോട് ചോദിച്ചു. ഇതൊക്കെ തമിഴ്നാട്ടില്‍ എങ്ങനെ അറിഞ്ഞുവെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ‘കേരളത്തിലോട്ട് വാ’ എന്ന് എന്നോട് മമ്മൂക്കയും പറഞ്ഞു. അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓര്‍മകള്‍ സിബിഐക്കുണ്ട്.'- മുകേഷ് പറഞ്ഞു.
സിബിഐയുടെ മൂന്നാം ഭാഗമായ നേരറിയാൻ സിബിഐയിൽ ജഗദീഷാണ് വില്ലനായി എത്തുന്നത്. എന്നാൽ ഇക്കാര്യം ചിത്രത്തിന്റെ അവസാന ദിവസങ്ങളിൽ മാത്രമായിരുന്നു തന്നോട് പറഞ്ഞത് എന്നാണ് മുകേഷ് പറയുന്നത്. ജഗദീഷാണ് കൊലപാതകിയെന്ന് എസ്എൻ സ്വാമി തന്നോട് പറഞ്ഞിട്ട് ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചെന്നും മുകേഷ് വ്യക്തമാക്കുന്നു.
'സിബിഐയുടെ ഒരു ഭാഗത്തിൽ ജഗദീഷ് ആയിരുന്നു വില്ലൻ. ജഗദീഷ് ആണ് വില്ലനെന്ന് ആരും പറയില്ല, അയാൾ അങ്ങനെ ചെയ്യില്ലെന്നേ എല്ലാവരും വിശ്വസിക്കൂ. അതാണ് എസ്.എന്‍. സ്വാമിയുടെയൊക്കെ മിടുക്ക്. ഒരിക്കലും സംശയിക്കാത്ത ഒരാൾ ക്രൈം ചെയ്യുന്നു. അവിടെയാണ് ഈ കഥ കൺവിൻസിങ് ആകുന്നത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലാണ് വില്ലൻ ആരാണെന്നുള്ളത് ഞങ്ങളോടു പോലും ഇവർ പറയുക. കാരണം എന്നോടൊക്കെ അതു പറഞ്ഞേ പറ്റൂ. മറ്റ് നടീനടന്മാർക്ക് അത് ആരാണെന്ന് അറിയുകയേ ഇല്ല. അറിഞ്ഞു കഴിഞ്ഞാൽ അത് മനസ്സിൽ വച്ചാകും പലരും അഭിനയിക്കുക.
അന്ന് എസ്‍.എൻ. സ്വാമി എന്നെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, ‘ഞാന്‍ വേറെ ആരുടെ അടുത്തും പറയുന്നില്ല, ഈ കൊലപാതകം ചെയ്തിരിക്കുന്നത് ജഗദീഷ് ആണ്.’ ഇക്കാര്യം ആരുടെ അടുത്തും പറയരുതെന്നു പറഞ്ഞ് എന്നെക്കൊണ്ട് കുറേ സത്യം ചെയ്യിപ്പിച്ചു. ഇന്നുവരെ ആ സത്യം ഞാൻ വേറെ ആരോടും പറഞ്ഞിട്ടില്ല. ഇതിലും അതുപോലെ തന്നെ. തമ്മിൽ തമ്മിൽ ചർച്ചയാണ്. വില്ലൻ ആരെന്ന് അറിയില്ലല്ലോ. പലരും സ്വയം സംശയിച്ചു. അങ്ങനെയുള്ള പ്രത്യേക മൂഡ് ആണ് ഈ സിനിമയുടേത്.'- മുകേഷിന്റെ വാക്കുകൾ ഇങ്ങനെ.
ഈ വാര്‍ത്ത കൂടി വായിക്കാം
റാംപിൽ ചുവടുവച്ച് പാർവതി, ഒപ്പം മാളവികയും; അഭിമാനമെന്ന് ജയറാം; ചിത്രങ്ങൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ