രസിപ്പിക്കുന്ന 'ജോ ആൻഡ് ജോ', ഫൺ റൈഡിനായി ടിക്കറ്റെടുക്കാം; റിവ്യൂ

By മഞ്ജു സോമൻ  |   Published: 13th May 2022 05:43 PM  |  

Last Updated: 13th May 2022 05:47 PM  |   A+A-   |  

jo_and_jo_new

 

ജോയുടെ പേരിൽ വരുന്ന ഒരു പ്രണയ ലേഖനം. അത് എഴുതിയ കാമുകനെ/ കാമുകിയെ കണ്ടെത്താനുള്ള ജോമോന്റെയും ജോമോളുടേയും പെടാപ്പാടുകൾ. നവാ​ഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ്. ഒരു ചേച്ചിയുടേയും അനിയന്റേയും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 

ബേബി പാലത്തറ എന്ന ഹോമിയോ ഡോക്ടറിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ബേബിയുടേയും ലില്ലിക്കുട്ടിയുടേയും മക്കളാണ് ജോമോളും ജോമോനും. ലില്ലിക്കുട്ടി പറയുന്നതുപോലെ നേർക്കു നേരെ നോക്കിയാൽ രണ്ടും ഇടിയാണ്. ലോക്ക്ഡൗൺ കാലത്തും ജോമോന് തന്റെ കൂട്ടുകാർക്കൊപ്പം കറങ്ങാനുള്ള അവസരം കിട്ടുന്നുണ്ട്. എന്നാൽ വീട്ടിലെ പണിയിൽ അമ്മയെയും സഹായിച്ചിരിക്കുകയാണ് ജോമോൾ. ഇതിന്റെ അതൃപ്തി പലരീതിയിൽ അവൾ പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ അനിയനു ലഭിക്കുന്ന പ്രത്യേക പരി​ഗണനയിലും അവൾ അതൃപ്തയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രേമലേഖനം കിട്ടുന്നത്. അതോടെ രസച്ചരട് മുറുകും. 

ജോമോൾ എന്ന കഥാപാത്രമായി നിഖില വിമലും ജോമോനായി മാത്യു തോമസുമാണ് അഭിനയിച്ചത്. ഇവരുടെ അച്ഛനായ ബോബിയുടെ റോളായിരുന്നു ജോണി ആന്റണിക്ക്. സ്മിനു സിജോ ആണ് ലില്ലിക്കുട്ടിയുടെ വേഷത്തിലെത്തിയത്. അച്ഛനും അമ്മയും അമ്മൂമ്മയും അടങ്ങുന്ന ഈ കുടുംബം തന്നെയാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. ജോമോന്റെ കൂട്ടുകാരൻ മനോജ് സുന്ദരൻ എന്ന കഥാപാത്രമായാണ് നെസ്ലിൻ എത്തിയത്. തണ്ണീർമത്തനിലെ ഹിറ്റ് ജോഡികളായ മാത്യുവും നെസ്ലിനും വീണ്ടും ഒന്നിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷകൾ തെറ്റിയില്ല. ഇരുവരും ഒന്നിച്ചുള്ള രം​ഗങ്ങളെല്ലാം ചിരിനിറയ്ക്കുന്നതായിരുന്നു. ഇവർക്കൊപ്പം മെൽവിന്റെ എബി കൂടി എത്തിയതോടെ കൂടുതൽ രസകരമായി.  ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

ടീനേജ് പിള്ളേരുടെ സൗഹൃദവും പ്രണയവും എടുത്തുചാട്ടവുമെല്ലാം വളരെ മനോഹരമായാണ് അരുൺ പകർത്തിയിരിക്കുന്നത്. നമ്മൾ കണ്ടു പരിചയിച്ച പലരേയും പല സാഹചര്യവും ജോ ആൻഡ് ജോയിൽ കാണാം. ചിലപ്പോൾ നിങ്ങളെ തന്നെയും. അത്ര റിയലിസ്റ്റിക്കായാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നാൽ ഒരു ചിരിപ്പടം മാത്രമായി ജോ ആൻഡ് ജോയെ കാണാനാവില്ല. കുടുംബങ്ങളിൽ അലിഞ്ഞുചേർന്നിട്ടുള്ള ആൺ പെൺ വേർതിരിവുകളെല്ലാം ചിത്രം എടുത്തുകാണിക്കുന്നുണ്ട്. കൂടാതെ ലോക്ക്ഡൗൺ കാലത്ത് വീടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്ന പെണ്ണുങ്ങളുടെ ബുദ്ധിമുട്ടും കൃത്യമായി പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നു. 

രണ്ടു മണിക്കൂർ പത്ത് മിനിറ്റ് ദൈർഘ്യം വരുന്ന ചിത്രം ശരിക്കും ഒരു ഫൺ റൈഡാണ് കാണികൾക്ക് സമ്മാനിക്കുന്നത്. കുടുംബബന്ധവും സൗഹൃദവുമെല്ലാം പറയുന്നതിനൊപ്പം തന്നെ ചെറിയൊരു ത്രില്ലിങ് സ്വഭാവവും ചിത്രത്തിനുണ്ട്. പക്ഷേ അത് അവസാനിക്കുന്നതും ഒരു പൊട്ടിച്ചിരിയിലാണ്. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ചിരിച്ച് ആസ്വദിക്കാനാണെങ്കിൽ ധൈര്യമായി ഈ പിളേളരുടെ ടോം ആൻഡ് ജെറി കളി കാണാൻ ടിക്കറ്റ് എടുത്തോളൂ.