'അത് എന്റെ ആൺബോധത്തിൽ നിന്നുണ്ടായ പരാമർശം, ഒരിക്കലും പറയാൻ പാടില്ലായിരുന്നു'; മാപ്പു പറഞ്ഞ് സുമേഷ് മൂർ

'സിനിമ പോകുമോ, വിജയ് ബാബുവിന്റെ സിനിമ കിട്ടില്ലേ ഇതൊന്നും എന്റെ വിഷയമല്ല. അങ്ങനെ വിചാരിച്ചിട്ടല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് എന്റെ ഒരു ആണ്‍ബോധത്തില്‍ നിന്നുള്ള കാര്യമാണ്'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ലൈം​ഗിക പീഡന പരാതി നൽകുന്ന സ്ത്രീകൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ സുമേഷ് മൂർ. തന്റെ ആൺ ബോധത്തിൽ നിന്ന് വന്നതാണെന്നും സുഹൃത്തുക്കൾ വിളിച്ചു സംസാരിച്ചപ്പോഴാണ് തന്റെ പരാമർശങ്ങളിലെ പ്രശ്നം മനസിലായത് എന്നുമാണ് സുമേഷ് മൂർ പറയുന്നത്. അത്തരമൊരു പരാമര്‍ശം ഒരു കാരണവശാലും തന്റെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്തതായിരുന്നു. അതില്‍ അത്മാര്‍ത്ഥമായി കുറ്റബോധമുണ്ട്. അത് എത്ര ഗുരുതരമായ തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിനോട് താരം പറഞ്ഞു. 

എന്റെ ഭയങ്കരമായ മണ്ടത്തരത്തില്‍ നിന്നും അബദ്ധത്തില്‍ നിന്നുമുണ്ടായ സ്റ്റേറ്റ്‌മെന്റാണത്. അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തിട്ടുണ്ട്. കാരണം എനിക്കറിയാം ഗാര്‍ഹിക പീഡനം എന്നതൊക്കെ എത്ര സയലന്റായാണ് നടക്കുന്നത് എന്ന്. അതില്‍ പ്രതികരിക്കാന്‍ പോലും ആളുകള്‍ക്ക് വലിയ പ്രശ്‌നമാണ്. ഒരു സ്ത്രീയത് മനസിലാക്കി പ്രതികരിക്കുന്ന സമയത്ത് അത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയതിന്റെ ഉത്തരവാദിത്തം ഞാന്‍ കാണിക്കേണ്ടതായിരുന്നു. - സുമേഷ് മൂർ പറഞ്ഞു. 

ഒരു സ്ത്രീ അവര്‍ക്ക് സംഭവിച്ച പ്രശ്‌നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയില്‍ പോലും ഒരു ആണ്‍ബോധം കിടപ്പുണ്ട്. ഒരാണ് ഒരു സ്ത്രീ പറയുന്നതിനോട് പ്രതികരിക്കുന്നതാണിത്. അത് അങ്ങനെ തന്നെ നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കള്‍ ഈ സ്റ്റേറ്റ്‌മെന്റ് കണ്ടതിന് ശേഷം വിളിച്ചു സംസാരിച്ചപ്പോഴാണ് തന്റെ  പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതല്‍ മനസിലാകുന്നതെന്നും മൂർ പറഞ്ഞു. 

ആദ്യത്തെ പ്രാവശ്യം തന്നെ പറഞ്ഞുകൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ പ്രശ്‌നമുള്ള സ്റ്റേറ്റ്‌മെന്റാണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം മനസിലാക്കാത്ത സ്ത്രീകളുണ്ട്.വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോള്‍ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്‌നമല്ല. സിനിമ പോകുമോ, വിജയ് ബാബുവിന്റെ സിനിമ കിട്ടില്ലേ ഇതൊന്നും എന്റെ വിഷയമല്ല. അങ്ങനെ വിചാരിച്ചിട്ടല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് എന്റെ ഒരു ആണ്‍ബോധത്തില്‍ നിന്നുള്ള കാര്യമാണ്. ആ ആണ്‍ബോധത്തില്‍ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്. വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്. സിനിമാ മേഖലയില്‍ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ് പോലെയായി പോയി എന്റേത്. അത് ഞാന്‍ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്.- താരം കൂട്ടിച്ചേർത്തു. 

മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ നൽകിയ അഭിമുഖത്തിലാണ് സുമേഷ് മൂർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അവൾക്കൊപ്പം എന്ന് പറയുന്നത് ട്രെൻഡായി മാറിയെന്നും താൻ അവനൊപ്പമാണെന്നുമാണ് സുമേഷ് പറഞ്ഞത്. ആണുങ്ങൾക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥയാണെന്നും മിണ്ടിയാൽ മീടുവോ റേപ്പോ ആകും. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നതെന്നും താരം ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com