ആലപ്പുഴ സ്വദേശിനായ വിദ്യാർത്ഥിയുടെ പഠന ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പ്ലസ് ടുവിന് 92 ശതമാനം മാർക്കോടെ വിജയിച്ച പെൺകുട്ടി കഴിഞ്ഞ ദിവസമാണ് കളക്ടറെ കാണാനെത്തുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമാക്കിയാണ് കുട്ടിക്ക് സഹായം നൽകിയത്. നഴ്സ് ആകണം എന്ന് ആഗ്രഹിച്ച കുട്ടിയ്ക്ക് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ ഉറപ്പാക്കി. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമായിരുന്നു. ഇതിനായാണ് അല്ലു അർജുനുമായി കളക്ടർ ബന്ധപ്പെടുന്നത്. കേട്ടപാടെ നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്ന് കളക്ടർ കുറിച്ചു.
കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.
ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാൽ വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു.
നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ.Allu Arjun നെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വർഷത്തെയല്ല മറിച്ച് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്സായി മാറും.
ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെൻറ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവൻ തുകയും നൽകി സഹായിക്കുന്ന ശ്രീ. Allu Arjun, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങൾ എല്ലാവര്‍ക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
