'ഒരു സ്ത്രീ, ഫെമിനിസ്റ്റ് എന്ന നിലയിൽ ലിജു കൃഷ്ണയെ പിന്തുണയ്ക്കുന്നു, ഇങ്ങനെയാണോ ഡബ്ല്യൂസിസി പ്രവർത്തിക്കുന്നത്?'; കുറിപ്പ്

'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'
ലിജു കൃഷ്ണ, ​ഗോവിന്ദ് വസന്ദയും രഞിജിന് അച്യുതനും/ ഫെയ്സ്ബുക്ക്
ലിജു കൃഷ്ണ, ​ഗോവിന്ദ് വസന്ദയും രഞിജിന് അച്യുതനും/ ഫെയ്സ്ബുക്ക്

ലൈം​​ഗിക ആരോപണം നേരിടുന്ന പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തക രഞ്ജിനി അച്യുതൻ. ചിത്രത്തിന്റെ തിരക്കഥ പരിഭാഷകയായ രഞ്ജിനി സം​ഗീത സംവിധായകൻ ​ഗോവിന്ദ് വസന്ദയുടെ ഭാര്യയാണ്. പടവെട്ടിന്റെ അണിയറ പ്രവർത്തകർ എന്ന നിലയിൽ താനും ‌​ഗോവിന്ദ് വസന്ദയും മനസിലാക്കിയ കാര്യങ്ങളാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ രഞ്‍ജിനി വ്യക്തമാക്കിയത്. പരാതിക്കാരി സിനിമയിൽ പ്രവർത്തിച്ചതിൽ തനിക്ക് അറിവില്ല എന്നാണ് ഇവർ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. ഒരു സ്ത്രീയും ഫെമിനിസ്റ്റും എന്ന നിലയിൽ ലിജു കൃഷ്ണയെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. ഡബ്ല്യൂസിസിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ ഡബ്ല്യൂസിസിക്കുള്ള പിന്തുണ പിൻവലിക്കുമെന്നും ഇവർ വ്യക്തമാക്കി. 

രഞ്ജിനി അച്യുതന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഞങ്ങളുടെ നിശബ്ദത വെടിയേണ്ട സമയമായി. പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെയുള്ള ഡബ്ല്യൂസിസിയുടെ പോസ്റ്റിന് മറുപടിയാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ പരിഭാഷകയും സബ്‌ടൈറ്റ്‌ലറുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ പറയാത്ത കഥയുടെ മറുവശം കേള്‍ക്കാന്‍ എന്റെ സുഹൃത്തുക്കളും കുടുംബവും ലോകവും കരുണകാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങൾ താഴെ പറയുന്നവയാണ്.
1. 
തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു എന്നുമുള്ള  ആരോപണവും. 
ഞാൻ അറിഞ്ഞടുത്തോളം പ്രസ്തുത വ്യെക്തി 2020 മാർച്ച് മാസത്തിൽ ആണ് ആദ്യമായി സോഷ്യൽ മീഡിയ വഴി ലിജുവിനെ പരിചയ പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു  ഷെഡ്യൂളുകളിലായ് പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളും  പൂർത്തികരിക്കപ്പെട്ടിരുന്നു.
ഞാനും എന്റെ ഭർത്താവ് ഗോവിന്ദ വസന്തയും ഉൾപ്പെടുന്ന എല്ലാ ടെക്നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ൽ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാർഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.
എല്ലാ കാസ്റ്റ്‌ ആൻഡ് ക്രൂ മെമ്പേഴ്‌സും 2019 ഡിസംബർ മാസം  മുതൽ തന്നെ സണ്ണിവേയിൻ പ്രൊഡക്ഷൻസിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയിൽ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്പോലും ‌ഇത്തരം  എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷൻ ഹൗസ്‌ സിനിമ ഏറ്റെടുത്തപ്പോൾ, അവരുടെ ലീഗൽ ടീം എഗ്രിമെന്റുകൾ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു അഗ്രിമെന്റ്റിലും ഉൾപ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷൻ ടീമിനോടും, പ്രൊഡക്ഷൻ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാൻ വ്യക്തിപരമായി സംസാരിച്ചപ്പോൾ അവർ എല്ലാം ഒരേ സ്വരത്തിൽ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യതി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭർത്താവോ ഇങ്ങനെ ഒരു വ്യക്തി വർക്ക്‌ ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.
ക്രൂ മെമ്പേഴ്സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച മാലൂർ എന്ന ഗ്രാമത്തിലെ മുഴുവൻ ജനതയോടും നിങ്ങൾക്ക് ഈ കാര്യം  അന്വേഷിച്ചാൽ ബോധ്യപ്പെടുന്നതാണ്. 
അത്കൊണ്ട് തന്നെ ഇത് ഒരു വർക്ക്‌പ്ലെയ്സ്‌ ഹാരസ്മെന്റ് അല്ല എങ്കിൽ, പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് WCC ഈ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയിൽ ICC ഉണ്ടായിരുന്നില്ല.
എന്റെ അറിവിൽ മലയാള സിനിമയിൽ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് "1744 White Alto" എന്ന സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാർച്ചിൽ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ "കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം" എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ള പടവെട്ട്‌ എന്ന സിനിമക്കെതിരെയുള്ള  ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനിൽക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം
ഈ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതിനെ കുറിച്ച് ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 
സത്യം വിജയിക്കട്ടെ !

സ്ത്രീ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും ഞാന്‍ ലിജു കൃഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്.  ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ശരിയായ നടപടിക്രമങ്ങളുടെ അഭാവം മൂലം ഒരു ഫാഷനായി മാറുകയാണ് മീടൂ. ഇത് പ്രസ്ഥാനത്തെ അപകടത്തിലാക്കുന്നുണ്ട്. മീടൂവിനെ തള്ളിപ്പറയാന്‍ ഞാന്‍ തയാറല്ല.  

ഡബ്ല്യൂസിസിയുടെ പിന്തുണക്കുന്ന ആള്‍ എന്ന നിലയില്‍ എനിക്ക് ചില ചോദ്യങ്ങളുണ്ട്. പരാതി സ്വീകരിക്കുന്നതിലെ നടപടിക്രമങ്ങള്‍ എന്താണ്?
പരാതി ന്യായമായതാണോ എന്ന് ഉറപ്പുവരുത്താറുണ്ടോ? പരാതിക്കാരിയെ പിന്തുണയ്ക്കുന്നതിന് മുന്‍പ് ഡബ്യൂസിസി അന്വേഷണം നടത്താറുണ്ടോ? ആരോപണത്തിന്റെ മറുഭാഗത്തെ കേട്ട് ഉറപ്പുവരുത്താറുണ്ടോ? പരാതിക്കാരി നുണ പറയുകയാണ് എന്ന് തെളിഞ്ഞാല്‍ യഥാര്‍ത്ഥ ഇരയ്ക്കുണ്ടായ നഷ്ടങ്ങള്‍ കളക്റ്റീവ് നികത്തുമോ?

ഈ കേസില്‍ നടപടിക്രമങ്ങള്‍ ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്? ഇന്നലത്തെ ഡബ്ല്യൂസിസിയുടെ പോസ്റ്റ് വായിച്ചു. ലിജുവിന്റെ പ്രസ്താവന കള്ളമാണെന്ന് കളക്റ്റീവ് എങ്ങനെയാണ് ഉറപ്പിച്ചത്.? ആരെങ്കിലും ലിജുവിനേയോ അദ്ദേഹത്തിന്റെ ടീമിനേയോ ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചോ? 

ഇങ്ങനെയാണ് കളക്ടീവ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ഞാന്‍ നിരാശയാണ്. ഞാനൊരിക്കലും കളക്റ്റീവിനെ പിന്തുണയ്ക്കില്ല. പറന്നുയരുന്നതിന് മുന്‍പ് തന്നെ വളരെ കഴിവുറ്റ ഒരു സംവിധായകന്റെ കരിയറും ജീവിതവും ശക്തിയും സ്ഥാനവും ഉപയോഗിച്ച് നശിപ്പിക്കാനുള്ള ശ്രമമാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com