മോശമായി സ്പർശിച്ചെന്ന് യുവതിയുടെ പരാതി; സ്ക്വിഡ് ഗെയിം താരത്തിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 01:06 PM |
Last Updated: 26th November 2022 01:06 PM | A+A A- |

സ്ക്വിഡ് ഗെയിമിൽ നിന്നുള്ള ഓ യൂങ് സൂവിന്റെ ദൃശ്യം, ഓ യൂങ് സൂ/ ഫെയ്സ്ബുക്ക്
യുവതിയോട് മോശമായി പെരുമാറിയെന്ന കേസിൽ കൊറിയൻ നടൻ ഓ യൂങ് സൂവിനെതിരെ കേസ്. നെറ്റ്ഫ്ളിക്സ് സീരീസായ സ്ക്വിഡ് ഗെയ്മിലൂടെ ശ്രദ്ധേയനായ നടനാണ് ഓ യൂങ് സൂ. മോശം രീതിയിൽ സ്പർശിച്ചു എന്നാണ് യുവതിയുടെ പരാതി. താരത്തിനെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് കേസെടുത്തത്.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് 2021 ഡിസംബറിൽ യുവതി പരാതിയുമായി രംഗത്തെത്തി. പരാതി അന്വേഷിച്ച പൊലീസ് ഏപ്രിലിൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ കേസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ അന്വേഷണത്തിൽ സൂവിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ ആരോപണങ്ങൾ ഓ യൂങ് സൂ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവം നടന്ന ആ പ്രദേശത്തുണ്ടായിരുന്ന തടാകത്തിനരികിലൂടെ വഴികാണിക്കാൻ കൈ പിടിച്ചതേയുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ താൻ മാപ്പു ചോദിച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കില്ലെന്നാണ് അവർ പറഞ്ഞിരുന്നതെന്നും സൂ വ്യക്തമാക്കി. പക്ഷേ താൻ കുറ്റം സമ്മതിക്കുന്നുവെന്നല്ല അതിനർത്ഥമെന്നും സൂ കൂട്ടിച്ചേർത്തു.
78കാരനായ സൂ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന വേഷമാണ് അവതരിപ്പിച്ചത്. അദ്ദേഹം ചെയ്ത ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 50 വർഷമായി അഭിനയരംഗത്തുണ്ടെങ്കിലും സ്ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ് താരം ലോകശ്രദ്ധ നേടുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിവാഹത്തിന് അംഗീകാരം വേണം, രജിസ്റ്റര്‍ ചെയ്യണം; സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ