'വാശിയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു, തെറ്റു പറ്റിയത് എനിക്ക്'; ഈശോ എല്ലാവരും കാണണമെന്ന് പിസി ജോർജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 04:59 PM  |  

Last Updated: 05th October 2022 04:59 PM  |   A+A-   |  

eesho-pc_george

ഈശോ പോസ്റ്റര്‍, പി സി ജോര്‍ജ്/ഫയല്‍

 

റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ വലിയ വിവാദമായ ചിത്രമാണ് നാദിർഷയുടെ ഈശോ. ചിത്രത്തിന്റെ പേരു തന്നെയാണ് വിവാദങ്ങൾക്കു കാരണമായത്. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു ആരോപണം. രാഷ്ട്രീയ നേതാവ് പിസി ജോർജും ചിത്രത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. എന്നാൽ സിനിമ കണ്ടതിനു ശേഷം പിസി ജോർജിന്റെ അഭിപ്രായം പാടെ മാറിയിരിക്കുകയാണ്. സിനിമയ്ക്കെതിരെ രം​ഗത്തുവന്നതിലൂടെ തനിക്കു തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം. 

സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി എന്ന അടിക്കുറിപ്പിൽ നാദിർഷ തന്നെയാണ് പിസി ജോർജിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. പടം കണ്ടിട്ട് അഭിപ്രായം പറയണമെന്ന് നാദിർഷ എന്നോട് പറഞ്ഞിരുന്നു.  ആ വാശിയിൽ ഞാൻ നിൽക്കുകയായിരുന്നു. ഇന്ന് ഞാൻ പടം കണ്ടു .  നാദിർഷാ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് മനസിലായെന്നും പിസി ജോർജ് പറഞ്ഞു. 

‘നാദിർഷായുടെ ഈശോ എന്ന ചിത്രത്തെപ്പറ്റി ആദ്യം മുതൽ തർക്കമുള്ള ആളായിരുന്നു ഞാൻ. വളരെ ശക്തമായി ചിത്രത്തെ എതിർത്തിരുന്നു.  ഈശോ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. എന്റെ അടുത്ത് തന്നെ ഈശോ എന്നു പേരുള്ള ഒരാളുണ്ട്.  ക്രൈസ്റ്റ് അല്ലെങ്കിൽ യേശു എന്നാണ് പേരെങ്കിൽ ഞാൻ പറഞ്ഞതിൽ അർഥമുണ്ടായിരുന്നു.  നോട് ഫ്രം ബൈബിൾ എന്ന വാക്ക് കണ്ടതുകൊണ്ടാണ് ഞാൻ എതിർക്കാൻ ഇടയായത്.  

പടം കണ്ടിട്ട് അഭിപ്രായം പറയണമെന്ന് നാദിർഷ എന്നോട് പറഞ്ഞിരുന്നു. ആ വാശിയിൽ ഞാൻ നിൽക്കുകയായിരുന്നു. ഇന്ന് ഞാൻ പടം കണ്ടു .  നാദിർഷാ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് മനസിലായി.  വളരെ സത്യസന്ധമായി പറയട്ടെ ഈ പടം ഇന്നത്തെ തലമുറയിലുള്ള മാതാപിതാക്കൾ മുഴുവൻ കാണണം എന്ന് വളരെ വിനയപുരസ്സരം ഞാൻ അപേക്ഷിക്കുകയാണ്.  സംവിധാനം കുഴപ്പമൊന്നുമില്ല, നിർമാതാവ് വളരെ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്, നടന്മാരും നടിമാരുമെല്ലാം വളരെ ആത്മാർഥമായി ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും നല്ല ആളുകളാണ്. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങൾ മുഴുവൻ വ്യക്തമായി കാണാൻ കഴിയുന്ന ഒരു പടമാണത്.  നിർബന്ധമായും നിങ്ങൾ ഈ പടം കാണണമെന്ന് ഞാൻ കേരളത്തിലെ ജനങ്ങളോട് പറയുകയാണ്.’’- പിസി ജോർജ് പറഞ്ഞു.

ജയസൂര്യ നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സോണി ലിവിലൂടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ