റോജയുടെ വാഹനത്തിനു നേരെ ആക്രമണം, പവൻ കല്യാണിന്റെ പാർട്ടിയിലെ നൂറോളം പേർ അറസ്റ്റിൽ; കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സൂപ്പർതാരം

വൈഎസ്ആർ കോൺ​ഗ്രസ് നേതാക്കളുടെ ​ഗൂഢാലോചനയായിരുന്നു ആക്രമണം എന്നാണ് പവൻ കല്യാൺ ആരോപിക്കുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

വിശാഖപട്ടണം; ആന്ധ്രപ്രദേശ് മന്ത്രിയും നടിയുമായ റോജ വാഹനത്തിനു നേരെ നടൻ പവൻ കല്യാണിന്റെ പാർട്ടി അനുഭാവികളുടെ ആക്രമണം. വിശാഖപ‍ട്ടണം വിമാനത്താവളത്തിൽ വച്ചാണ് സംഭവമുണ്ടായത്. റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. തുടർന്ന് പവൻ കല്യാണിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ നൂറോളം പ്രവർത്തകർ അറസ്റ്റിലായി. 

പാർട്ടി പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി പവൻ കല്യാൺ രം​ഗത്തെത്തി. അറസ്റ്റു ചെയ്തവരെ വിട്ടയച്ചില്ലെങ്കിൽ  പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സൂപ്പർതാരം പറഞ്ഞത്. പവൻ കല്യാണിന്റെ നേതൃത്വത്തിൽ ജനവാണി എന്ന പരിപാടി നടക്കുന്നതിനിടയിലാണ് പ്രശ്നങ്ങളുണ്ടായത്. പരിപാടി തടസപ്പെടുത്താനാണ് ഭരണകക്ഷിയായ വൈഎസ്ആർ കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. 

ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സണായ റോജ, സർക്കാരിന്റെ ‘മൂന്നു തലസ്ഥാന’ പദ്ധതിയെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കുന്നതിനാണ് വിശാഖപട്ടണത്ത് എത്തിയത്. ജനവാണിയിൽ പങ്കെടുക്കാനായി എത്തിയ പവൻ കല്യാണിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ സംബന്ധിച്ച് നേരത്തെ വിവാദം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ വൈഎസ്ആർ കോൺ​ഗ്രസ് നേതാക്കളുടെ ​ഗൂഢാലോചനയായിരുന്നു ആക്രമണം എന്നാണ് പവൻ കല്യാൺ ആരോപിക്കുന്നത്. തന്റെ പ്രവർത്തകർ ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് സംരക്ഷണം പോലുമില്ലാതെ വന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ പൊലീസുകാർക്കെതിരെയും രൂക്ഷ വിമർശനമാണ് പവൻ കല്യാൺ നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com