'എല്ലാത്തിനും കാരണം ​ഗീതു മോഹൻദാസിന്റെ ഈ​ഗോ, നിവിനും സണ്ണിയും ഇതുപോലെ തന്നെ പറയും'; പടവെട്ട് സംവിധായകൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2022 02:24 PM  |  

Last Updated: 22nd October 2022 02:24 PM  |   A+A-   |  

liju_krishna_against_geetu_mohandas

ഫോട്ടോ: ഫെയ്സ്ബുക്ക്

 

നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസിനെതിരെ ​ഗുരുതര ആരോപണവുമായി പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ. സിനിമയിലെ ​വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ കൂട്ടുപിടിച്ച് തന്റെ പേര് സിനിമയിൽ നിന്ന് നീക്കാനുള്ള ശ്രമം നടത്തി എന്നാണ് പത്ര സമ്മേളനത്തിൽ ലിജു പറഞ്ഞത്. ​പടവെട്ട് സിനിമയുടെ കഥയിൽ ​ഗീതു മോഹൻദാസ് മാറ്റം നിർദേശിച്ചത് താൻ അം​ഗീകരിക്കാതിരുന്നതിന്റെ ഈ​ഗോയിൽ തന്നെ മാനസിക വേട്ടയാടുകയായിരുന്നു എന്നാണ് ആരോപണം. തനിക്കെതിരെയുള്ള ലൈം​ഗിക ആരോപണ പരാതിയിൽ ​ഗീതു മോഹൻദാസിന് പങ്കുണ്ടോ എന്ന് അന്വേഷിച്ച് തെളിയിക്കണമെന്നും ലിജു പറഞ്ഞു. 

പടവെട്ട് സിനിമയുടെ കഥയിൽ അവർ പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചത്.- ലിജു വ്യക്തമാക്കി. 

മൂത്തോൻ, തുറമുഖം എന്നിവ കഴിഞ്ഞിട്ടാണ് നിവിൻ പടവെട്ടിലേക്ക് വരുന്നത്. നിവിൻ അവരോടൊപ്പം ഇരുന്നപ്പോൾ ഈ കഥയെക്കുറിച്ച് എക്സൈറ്റ്മെന്റോടെ സംസാരിച്ചത് കാരണമാകാം കഥ കേൾക്കണമെന്ന് അവർ താല്പര്യപ്പെട്ടത് എന്നാണ് നിവിനിൽനിന്നു ഞാൻ മനസ്സിലാക്കിയത്. അത് സിനിമയ്ക്ക് പോസിറ്റീവായി സപ്പോർട്ട് ആകും എന്ന് തോന്നിയതുകൊണ്ടാണ് 2019ൽ ഞാൻ കഥ അവരോട് പറയുന്നത്. അല്ലാതെ അവരോട് കഥ പറയണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല. കഥയിൽ അവർ തിരുത്തലുകൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ഞാൻ തീരുമാനമെടുത്തോളാം എന്ന് ഞാനും ശാഠ്യം പിടിച്ചു. അങ്ങനെയാണെങ്കിൽ ഈ സിനിമ സംഭവിക്കില്ല എന്ന് അവർ പറയുകയുണ്ടായി.- സംവിധായകൻ ആരോപിച്ചു.

കൊച്ചിയിൽ വച്ച് ​ഗീതു മോഹൻദാസിനെ കണ്ടുമുട്ടിയപ്പോൾ നടന്നകാര്യങ്ങളൊന്നും പുറത്തുപറയരുതെന്ന് ​ഗീതു മോഹൻദാസ് ആവശ്യപ്പെട്ടു. ആ സമയത്ത് അവർ മദ്യലഹരിയിൽ ആയിരുന്നു. നിങ്ങൾ ചെയ്ത ദ്രോഹങ്ങളൊക്കെ പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്താൻ തുടങ്ങി എന്നാണ് ലിജു പറയുന്നത്. നിന്നെപ്പോലെ ഒരാളെമുന്നോട്ടുപോകാൻ കഴിയാതാക്കും എന്ന രീതിയിലായിരുന്നു ​ഗീതുവിന്റെ സംസാരം. 

തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണോ എന്ന് അന്വേഷിച്ച് തെളിയട്ടെയെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ലിജു വ്യക്തമാക്കി. ഈ കാര്യത്തിൽ ആരോടും സപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപരമായി നേരിടാൻ തന്നെയാണ് താനും ടീമും തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നിയമപരമായ വിഷയത്തിന് നിയമപരമായി സമീപിക്കണം എന്നുള്ളതുകൊണ്ടാണ് നിവിൻ പോളിയോ സണ്ണി വെയ്നോ ഇതിനെതിരെ ഒരു പ്രതികരണവും നടത്താത്തത്. ഈ വിഷയം പുറത്ത് പറയണമെന്ന് എന്നെക്കാളും ആഗ്രഹിച്ച വ്യക്തികളാണ് അവർ. നിങ്ങൾ അവരോട് എപ്പോൾ ചോദിച്ചാലും അവരുടെ പ്രതികരണം ഞങ്ങൾ പറഞ്ഞത് തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.- ലിജു വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ ആത്മവിശ്വാസം കണ്ടാണ് വൈശാഖേട്ടൻ ഈ കഥാപാത്രത്തെ ഏൽപ്പിച്ചത്'; ഹണി റോസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ