'600 കോടി ചാരമാക്കി, ഇയാളെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിൽ അടയ്ക്കണം'; ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 11:06 AM  |  

Last Updated: 10th September 2022 11:08 AM  |   A+A-   |  

kangana_ranaut_against_brahmastra

ചിത്രം: ഇൻസ്റ്റ​ഗ്രാം

ൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും പ്രധാന കഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ ചിത്രത്തേയും അണിയറപ്രവർത്തകരേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. അയാൻ മുഖർജ് 600 കോടി രൂപ ചാരമാക്കിയെന്നാണ് കങ്കണ പറയുന്നത്. 

അയാൻ മുഖർജിയെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിലടക്കണം എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. അയാൻ മുഖർജിയെ ജീനിയസ് എന്നുവിളിക്കുന്നവരെയെല്ലാം എത്രയും പെട്ടന്ന് ജയിലിലടക്കണം. 12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ. ഇതിനിടയിൽ 14 ഛായാ​ഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി. മതവികാരം മുതലെടുക്കാൻ 'ജലാലുദ്ദീൻ റൂമി' എന്നതിൽ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയമാണ് ഇതിന് കാരണം. ഇത്തരം അവസരവാദികളെ, സർഗ്ഗാത്മക ദാരിദ്രം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാർത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാൽ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്.- കങ്കണ കുറിച്ചു. 

നിർമാതാവ് കരൺ ജോഹറിനെതിരെയും രൂക്ഷമായ വിമർശനവുമായി എത്തി. നുണയെ വിൽക്കാൻ നോക്കിയാൽ ഇങ്ങനെയിരിക്കും. കരൺ ജോഹർ എല്ലാ ഷോയിലും ആലിയ ഭട്ടിനേയും രൺബീർ കപൂറിനേയും മികച്ച അഭിനേതാക്കളെന്നും അയാൻ മുഖർജിയെ ജീനിയസ് എന്നും വിളിക്കും. ജീവിതത്തിൽ ഇതുവരെ ഒരു നല്ല സിനിമയെടുക്കാത്ത ഒരാളുടെ സിനിമയുടെ ബജറ്റ് 600 കോടിയാണ് എന്നതിനെക്കുറിച്ച് എന്ത് വിശദീകരിക്കാനാണ്. ഈ സിനിമ ചെയ്യാൻ ഫോക്സ് ഇന്ത്യയ്ക്ക് സ്വയം വിൽക്കേണ്ടിവന്നു. ഇനി എത്ര സ്റ്റുഡിയോകൾ ഇവർ പൂട്ടിക്കും. 

സ്വഭാവത്തിന്റെ കാര്യത്തിൽ കരൺ ജോഹറിനേപ്പോലെയുള്ളവരെ ആദ്യം ചോദ്യം ചെയ്യണം. അദ്ദേഹത്തിന് തിരക്കഥയേക്കാൾ മറ്റുള്ളവരുടെ ലൈം​ഗിക ജീവിതത്തേക്കുറിച്ചറിയാനാണ് താത്പര്യം. വ്യാജ കളക്ഷൻ കണക്കുകളുണ്ടാക്കും. ഇത്തവണ ഹിന്ദുത്വവും സൗത്ത് വേവുമാണ് കൂട്ടുപിടിച്ചത്. ദക്ഷിണേന്ത്യയിലെ നടന്മാരേയും എഴുത്തുകാരേയും സംവിധായകരേയുമെല്ലാം യാജിച്ച് കൂടെക്കൂട്ടി. നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവർ വേറെയെന്തും ചെയ്യും. യാചിക്കാൻ പോകുന്നതിന് പകരം അവർ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ല. - കങ്കണ കുറിച്ചു. 

നമ്മുടെ സിനിമകളുമായി സമീപിക്കാൻ ഇന്നീ രാജ്യത്ത് ഒരൊറ്റ അന്താരാഷ്ട്ര സ്റ്റുഡിയോയും നിലവിലില്ല. സിനിമാ മാഫിയാ സംഘം ഈ വ്യവസ്ഥിതി മുഴുവനായും കൈയ്യടക്കി എല്ലാം തരിപ്പണമാക്കിയെന്നും അവർ പറഞ്ഞു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ ഈ സിനിമയ്ക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയെന്നും ഇനിയും എത്ര സ്റ്റുഡിയോകൾ ഈ കോമാളികൾ കാരണം പൂട്ടുമെന്നും ഫിലിം അനലിസ്റ്റ് സുമിത് കേഡലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ ചോദിച്ചു. എന്നാൽ ഈ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തമാക്കി സുമിത് രം​ഗത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒരു കോടി രൂപ ജീവനാംശം നല്‍കി;വിവാഹമോചനം നേടി ഹണി സിങ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ