ത്രൂഫോ പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അത് ഏറ്റെടുത്തു; പിന്നെ ലോകസിനിമയുടെ ഗതിമാറ്റി ഗൊദാര്‍ദ്

നാലു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
ഗൊദാര്‍ദ്/ എഎഫ്പി
ഗൊദാര്‍ദ്/ എഎഫ്പി
Updated on
1 min read


ലോകസിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ചലച്ചിത്രകാരില്‍ പ്രമുഖനാണ് ഗൊദാര്‍ദ്. കലാപ്രവര്‍ത്തനത്തിനപ്പുറം ചിന്തയുടെ സങ്കേതവും ലോകത്തെ പുതിയ രീതിയില്‍ കാണുന്നതിനുള്ള പരിശീലനവുമായിരുന്നു ഗൊദാര്‍ദിന് സിനിമ.1950ല്‍ എറിക് റോമറിനും റിവിറ്റെയ്ക്കുമൊപ്പം ഗസറ്റേ ദു സിനേമ എന്ന മാസികയില്‍ 'ഹാന്‍സ് ലുക്കാസ്' എന്ന തുലികാനാമത്തില്‍ ചലച്ചിത്രനിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് ഗൊദാര്‍ദിന്റെ സിനിമാമേഖലയിലേക്കുള്ള കടന്നുവരവ്. 

35 എംഎം കാമറയില്‍ ഓപ്പറേഷന്‍ ബീറ്റണ്‍ എന്ന ഹ്രസ്വചിത്രമാണ് ആദ്യചലച്ചിത്ര സംരംഭം. സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്രാന്റെ ഡിക്സന്‍സ് അണക്കെട്ടുനിര്‍മാണത്തില്‍ പ്രോജക്റ്റ് ഓഫീസറായി ജോലി നോക്കുമ്പോഴായിരുന്നു ഇത്. പിന്നീട് നിരവധി ഹ്രസ്വചിത്രങ്ങളുടെ എഡിറ്ററായി. 

1960ല്‍ ആദ്യ ഫീച്ചര്‍സിനിമയായ ബ്രത്ത്ലസ്  ആണ് ചലച്ചിത്രകാരനെന്ന നിലയില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഫ്രഞ്ച് നവതരംഗസിനിമയില്‍ ശ്രദ്ധേയമായ പ്രഥമ ചിത്രങ്ങളിലൊന്നാണ് ബ്രത്ത്ലസ്,വിശ്വസിനിമയിലെ നാഴികക്കല്ലുകളിലൊന്നും. തികച്ചും ആകസ്മികമായാണ് ഈ സിനിമയുടെ സംവിധാനച്ചുമതല ഗൊദാര്‍ദ് ഏറ്റെടുക്കുന്നത്. ത്രൂഫോ കഥയൊരുക്കി സംവിധാനം നിര്‍വഹിക്കാനൊരുങ്ങിയ ചിത്രമായിരുന്നു ഇത്. അദ്ദേഹമത് പാതിവഴിയിലുപേക്ഷിച്ചപ്പോള്‍ സഹയാത്രികനായിരുന്ന ഗൊദാര്‍ദ് അതേറ്റെടുക്കുകയായിരുന്നു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം.


അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിനുശേഷം ഗൊദാര്‍ദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു മാറി. ആര്‍ട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങള്‍ തിരസ്‌കരിച്ച ദ് സീഗ വെര്‍ട്ടോവ് ഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ചു.


1962ലാണ് മൈ ലൈഫ് ടു ലൈവ് നിര്‍മിക്കപ്പെടുന്നത്. നടിയും വീട്ടമ്മയുമായൊരുവള്‍ സാമ്പത്തികവിഷമതകള്‍മൂലം തെരുവുവേശ്യയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1963ലെ കണ്ടംപ്റ്റ് അദ്ദേഹത്തിന്റെ ഏറ്റവും സാമ്പത്തികവിജയം നേടിയ സിനിമയാണ്. പ്രീഹോം കാര്‍മെന്‍, ഹെയ്ല്‍ മേരി, കിങ്ലിയര്‍, വിന്റര്‍ ഫ്രം ദ ഈസ്റ്റ് തുടങ്ങിയവയും പ്രശസ്തങ്ങളായ സിനിമകളായി.

1976ല്‍ ഗൊദാര്‍ദ് വീഡിയോ ചിത്രങ്ങളിലേക്ക് മാറിയെങ്കിലും, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. നാലു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. പതിനെട്ടോളം ഷോര്‍ട്ഫിലിമുകളും. മാര്‍ട്ടിന്‍ സ്‌കോര്‍സെസ്, വോങ് കാര്‍ വോയ്, ബര്‍ട്ടൊലൂച്ചി, പസ്സോളിനി, ജോണ്‍ വൂ, തുടങ്ങി ലോകത്തിലെ പ്രശസ്തരായ നിരവധി ചലച്ചിത്രകാരന്മാരുടെ പ്രചോദനമായിരുന്നു ഗൊദാര്‍ദ്.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com