'ഉയരം കൊണ്ട് നമ്പി എനിക്ക് ചേരില്ലായിരുന്നു, പക്ഷെ ഒരു പ്രത്യേക നടത്തം പരീക്ഷിച്ചത് അദ്ദേഹത്തിന് ഇഷ്ടമായി'

'പൊന്നിയിന്‍ സെല്‍വന്‍' അനുഭവം പങ്കുവെച്ച് ജയറാം
മണിരക്നത്തിനൊപ്പം ജയറാം/ ചിത്രം ഇൻസ്റ്റാ​ഗ്രം
മണിരക്നത്തിനൊപ്പം ജയറാം/ ചിത്രം ഇൻസ്റ്റാ​ഗ്രം

താൻ ഒരിക്കലും മണിരക്നം ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ലെന്ന് നടൻ ജയറാം. 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രീഡി​ഗ്രി കാലത്ത് ഒരുദിവസം  കൊച്ചിൻ റിഫൈനറിയുടെ സമീപത്തു കൂടെ വെറുതെ നടക്കുമ്പോൾ വലിയൊരു ആൾക്കൂട്ടം കണ്ടു. എന്താണെന്ന് അന്വേഷിച്ചപ്പോൾ സിനിമ ഷൂട്ടിങ് ആണെന്ന് മനസിലായി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി മണിരക്നം സംവിധാനം ചെയ്യുന്ന 'ഉണരൂ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആയിരുന്നു അത്. അന്ന് ആ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഒരിക്കലും അദ്ദേഹത്തിന്റെ ഒരു സിനിമയിൽ ഞാൻ അഭിനയിക്കുമെന്ന് കരുതിയില്ല'- ജയറാം പറഞ്ഞു.

ചിത്രത്തിൽ നമ്പി എന്ന കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. നമ്പിയായി എല്ലാം കൊണ്ടും ജയറാം ചേരും എന്നാൽ ഉയരം കൊണ്ട് പ്രശ്‌നമാകുമെന്ന് തുടക്കത്തിൽ മണിരക്നം സാർ പറഞ്ഞു. അപ്പോൾ ഒരു തരത്തിലുള്ള നടത്തം പരീക്ഷിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്‌ടമായി. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം വളരെ മനോഹരമായിരുന്നുവെന്നും താരം പറഞ്ഞു.

ഓരോ ദിവസവും അദ്ദേഹം ചിത്രീകരണം കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. തായ്‌ലന്റില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യഭാഗങ്ങളുടെ ചിത്രീകരണം. ഒരു ദിവസം നാല് സീൻ വരെ എടുക്കണമെന്നാണ് സാർ മനസിൽ കരുതുക. എന്നാൽ ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും നൂറുകണക്കിന് മറ്റ് അഭിനേതാക്കളും ഉണ്ടാകും. എന്നാൽ അഞ്ച് മണിക്ക് മുൻപ് എല്ലാം തീർത്ത് പാക്കപ്പ് പറയും. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംവിധായകനെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ തൃഷ, കാര്‍ത്തി, വിക്രം, ഐശ്വര്യ ലക്ഷ്മി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com