

ഗണപതിയെക്കുറിച്ചുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി നടി സജിത മഠത്തിൽ. ഷംസീർ മാപ്പുപറയാൻ ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവുമെന്നുമാണ് സജിത കുറിച്ചത്. ശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയട്ടെയെന്നും നടി കുറിച്ചു. പ്രതിപക്ഷം വിഷയത്തിൽ ശ്രദ്ധയോടെ പ്രതികരിക്കണമെന്നും സജിത പറയുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.
സജിത മഠത്തിലിന്റെ കുറിപ്പ് വായിക്കാം
അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്!
എന്റെ അഭിപ്രായവും അതു തന്നെയാണ്!
ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!
കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോൺഗ്രസ്സിൽ എത്ര വലിയ പദവിയിലിരിക്കുന്ന ആൾ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കിൽ തിരിച്ചു പറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചു വളർന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ആയതിനാൽ ശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ ഷംസീർ മാപ്പുപറയാൻ അദ്ദേഹം ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും.
എന്താ ശാസ്ത്രബോധത്തോടെ വളർന്നവരുടെ വികാരങ്ങൾക്ക് മുറിവ് ഏൽക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തിൽ കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്.
ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്!
ശാസ്ത്ര സത്യങ്ങൾക്കൊപ്പം നിൽക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കർക്ക്, എ.എൻ ഷംസീറിന് അഭിവാദ്യങ്ങൾ
( ഈ കാര്യത്തിൽ മര്യാദയില്ലാതെ ലോജിക്കില്ലാതെ അഭിപ്രായം രേഖപ്പെടുത്തുന്ന എല്ലാവരേയും ബ്ലോക്ക് ചെയ്യും)
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates