

പൂർണമായും പുതുമുഖങ്ങൾ ഒരുക്കുന്ന ചിത്രമാണ് 'ഡിജിറ്റൽ വില്ലേജ്'. പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവും ഫഹദ് നന്ദുവും സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രേക്ഷകരിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് സിനിമയെ കുറിച്ച് അറിയിക്കുകയാണ് സംഘം. കാസർകോട് മുതൽ എറണാകുളം വരെ കാൽനടയായാണ് നായകനും സംവിധായകനുമടങ്ങുന്ന സംഘത്തിന്റെ യാത്ര.
സിനിമ പോസ്റ്റർ വിതരണം ചെയ്‌താണ് പ്രചാരണം. കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച യാത്ര നടൻ രാജേഷ് അഴീക്കോടൻ ഫ്ളാഗ് ഓഫ് ചെയ്തു. സംവിധായകരിൽ ഒരാളായ ഉത്സവ് രാജീവ്, കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ച ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള- കർണ്ണാടക അതിർത്തിയിലെ വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് അവിടുള്ളവരെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്‌ക്കുള്ള ശ്രമവുമാണ് ‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രം പറയുന്നത്.
കാസർകോടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ എഴുപതോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ദിവസവും ആറു മണിക്കൂറാണ് പ്രചരണത്തിനായി ചിലവഴിക്കുന്നത്. തുടക്കത്തിൽ കളിയാക്കലുകൾ നിരവധിയുണ്ടായെങ്കിലും പിന്നീട് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സംഘം പറയുന്നു. ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ ലഭിച്ചിട്ടുള്ള ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ചൊവ്വാഴ്‌ച കൊച്ചിയിൽ പ്രചാരണം അവസാനിക്കും. യൂലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിലും ആഷിഖും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് പിഎം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹരി എസ് ആർ ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates