'മന്ത്രിയായാലും സ്പീക്കറായാലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസത്തിൽ, മറ്റുള്ളവരെ തിരുത്തേണ്ട കാര്യമില്ല': ജയസൂര്യ

'വിശ്വാസമാണോ മിത്താണോ വലുത് എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മൾ ഞങ്ങളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട കാര്യമില്ല'
ജയസൂര്യ/ചിത്രം: ഫേയ്സ്ബുക്ക്
ജയസൂര്യ/ചിത്രം: ഫേയ്സ്ബുക്ക്

സ്പീക്കർ എഎൻ ഷംസീറിന്റെ ​ഗണപതി പരാമർശം വൻ വിവാദമായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗംത്തെത്തുകയാണ് സിനിമാ താരങ്ങൾ. ഉണ്ണി മുകുന്ദനും അനുശ്രീയ്ക്കും പിന്നാലെ ജയസൂര്യ ആണ് വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. നന്നായി പ്രവർത്തിക്കുമെന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയായാലും സ്പീക്കർ ആയാലും ആ സ്ഥാനത്ത് ഇരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ അവരെ അനുവദിക്കണമെന്നാണ് ജയസൂര്യ പറഞ്ഞത്. ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 

വിശ്വാസമാണോ മിത്താണോ വലുത് എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മൾ ഞങ്ങളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട കാര്യമില്ല. ആരും എന്തും വിശ്വസിച്ചോട്ടെ പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ. മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകേണ്ട എന്നതാണ് തന്റെ വിശ്വാസമെന്നും ജയസൂര്യ പറഞ്ഞു. 

ശാസ്ത്രത്തെ വിശ്വസിച്ചുതന്നെയാണ് നമ്മൾ ജീവിക്കുന്നതെന്നും താരം പറഞ്ഞു. വൈദ്യുതി ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്.  പക്ഷേ ഈ പഞ്ചസാരയുടെ രുചി എന്താണെന്ന് ചോദിച്ചാൽ എന്ത് പറയും?  അതിനുത്തരം മധുരമാണ് എന്നുള്ളതാണ്.  എന്നാൽ അത് എന്താണ്? ശർക്കരയ്ക്ക് മധുരം ഇല്ലേ? കൽക്കണ്ടത്തിനു മധുരമില്ലേ? പായസത്തിന് മധുരമില്ലേ?  പിന്നെ ഇതൊക്കെ എങ്ങനെയാണ് തരം തിരിച്ചറിയുക. അതൊന്നും പറയാൻ നമുക്ക് വാക്കുകൾ ഇല്ല.  അപ്പോൾ ചില കാര്യങ്ങൾ നമുക്ക് അനുഭവിക്കാൻ മാത്രമേ പറ്റൂ.  പ്രാർഥന എന്ന് പറയുന്നതും പ്രാർഥിക്കുമ്പോൾ നമുക്ക് ലഭിക്കുന്നതും എന്താണെന്നുള്ളതും ഒരു അനുഭവമാണ്.  അതെങ്ങനെയാണ് വാക്കുകളായിട്ട് പറയാൻ കഴിയുക. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും പക്ഷേ അനുഭവങ്ങൾ നമുക്ക് ചൂണ്ടികാണിക്കാൻ പറ്റില്ല.

 ഹിന്ദു എന്ന് പറയുന്നത് ഒരു മതത്തിന്റെ പേരിൽ കെട്ടിയിടുന്നതാണ് ഏറ്റവും കഷ്ടമായ കാര്യം. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്കാരം ആയാണ് ഞാൻ കാണുന്നത്.  ഭഗവത്ഗീതയാണെങ്കിലും രാമായണം ആണെങ്കിലും മഹാഭാരതം ആണെങ്കിലും അതൊക്കെ നമ്മളെ കൂടുതൽ മികച്ച മനുഷ്യൻ ആക്കി മാറ്റാൻ വേണ്ടി മാത്രമുള്ളതാണ്.  അങ്ങനെയാണ് അതിനെ കാണേണ്ടത്.  അതല്ലാതെ എന്റെ മതമാണ് വലുത് എന്നൊക്കെ പറയുന്ന രീതിയിൽ ചെറിയ ആളുകൾ ആകേണ്ടവരല്ല നമ്മൾ. നമ്മൾ മതത്തിനപ്പുറത്തേക്ക് വളരേണ്ട ആളുകളാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. 

എല്ലാ മതങ്ങളെയും എല്ലാ സംസ്കാരങ്ങളെയും നമ്മളെല്ലാം ബഹുമാനിക്കുക.  നമ്മളെല്ലാവരും ഒന്നുതന്നെയാണ്, ഒരുപോലെയാണ് എന്ന് വിശ്വസിക്കുക.  വിശ്വാസമാണ് ഏറ്റവും വലിയ കാര്യം.  ഞാൻ നന്നായിട്ട് അഭിനയിക്കുന്നു എന്നൊരു വിശ്വാസം നിങ്ങൾ തന്നതിന്റെ പേരിലാണ് ഞാൻ ഒരു നടൻ ആയത്.  അദ്ദേഹം എംപി ആയത് അദ്ദേഹം ആ കർമ്മം നന്നായി ചെയ്യുമെന്നുള്ള നമ്മുടെ വിശ്വാസത്തിന്റെ പേരിലാണ്.  അതുപോലെതന്നെ ഒരു മന്ത്രി ആയാലും സ്പീക്കർ ആയാലും അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നത്  നമുക്ക് അദ്ദേഹത്തോടുള്ള ഒരു വിശ്വാസം കാരണമാണ്. വിശ്വാസം എന്നും മുറുകെ പിടിക്കാൻ നമുക്ക് സാധിക്കട്ടെ.- ജയസൂര്യ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com