

സുബി ഇനി ഇല്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്ന് നടിയുടെ വിയോഗത്തിൽ അനുശോചിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സുബിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വളരെ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഇടപ്പെട്ടിരുന്നു. മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
''കൽപ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാൽ, ഒരു കലാകാരി എന്ന നിലയിൽ മൂന്ന് നാല് പേരുകളിലൊരാളായി ഞാൻ സുബിയുടെ പേര് പറയും. ഒരു തീരാനഷ്ടമെന്നോ അകാലത്തിലോ എന്ന് പറയുന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല. വളരെ ഊർജ്ജസ്വലമായി ജോലി ചെയ്ത് സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റി നല്ല ജീവിതനിലവാരത്തിലേക്ക് കൊണ്ടുവന്നയാളാണ് സുബി.
ചെയ്യുന്ന ജോലി കൃത്യമായി ചെയ്യുമായിരുന്നു. സുബിയിൽ നിന്നും കലാലോകത്തിന് ഇനിയും ഒരുപാട് സംഭാവനകൾ ലഭിക്കേണ്ടിയിരുന്നു. സുബിയുടെ മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. അതിന് ഒരുപാട് സുമനസ്സുകൾ കൂടെ നിന്നു. എറണാകുളം കളക്ടർ രേണു രാജ്, ടിനി ടോം, ഗിന്നസ് പക്രു, നാദിർഷ അങ്ങനെ മിമിക്രി ലോകത്തെ ഒരുപാടാളുകൾ ഒപ്പമുണ്ടായിരുന്നു'' സുരേഷ് ഗോപി പറഞ്ഞു.
സിനിമ-ടെലിവിഷൻ രംഗത്തെ നിരവധി പ്രമുഖർ സുബിക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തി. സുബിയുടെ രോഗവിവരവും മരണവാർത്തയും അറിയുന്നത് ഇപ്പോഴാണെന്ന് നടൻ ജയറാം പ്രതികരിച്ചു. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞത് എന്നാൽ നിരവധി സ്റ്റേജ് ഷോകൾ ഒന്നിച്ചു ചെയ്‌തിട്ടുണ്ട്.
ഒരു കഥാപാത്രം നൽകിയാൽ അതിന്റെ നൂറു ശതമാനം മനോഹരമാക്കി നൽകുന്ന ആളായിരുന്ന സുബിയെന്നും ജയറാം പറഞ്ഞു. സ്റ്റേജ് പ്രകടനത്തിൽ സുബിയെ മറികടക്കാൻ വേറെയാളില്ല അത്ര മനോഹരമായാണ് അവർ അനായാസം വേദിയെ കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്റെ ദുഖത്തിനൊപ്പം മനസുകൊണ്ട് പങ്കു ചേരുന്നതായും ജയറാം പറഞ്ഞു.
ആലുവ രാജഗിരി ആശുപത്രിയിൽ കരൾ രോഗവുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി സുബി ചികിത്സയിലായരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് പൂർത്തിയായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചു. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. മിമിക്രി രംഗത്തു നിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ ഭാഗമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates