ആ​ഗ്രഹിച്ചത് പട്ടാളക്കാരിയാവാൻ, 'ബ്രെയ്ക്ക് ഡാന്‍സ്‌' ജീവിതം മാറ്റി; സുബി വിടപറഞ്ഞത് വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി 

രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ
സുബി സുരേഷ്/ ചിത്രം; ഫെയ്സ്ബുക്ക്
സുബി സുരേഷ്/ ചിത്രം; ഫെയ്സ്ബുക്ക്

കൊച്ചി; മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിരിമുഖങ്ങളിലൊന്നായിരുന്നു സുബി സുരേഷ്. സ്ക്രീനിൽ ആ മുഖം കാണുന്നതു തന്നെ മലയാളികളുടെ മുഖത്ത് ചിരിനിറയ്ക്കും. എന്നാൽ ഇപ്പോൾ ആ ചിരിക്കുന്ന മുഖം കേരളക്കരയ്ക്കുതന്നെ വേദനയാകുകയാണ്. രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.

ഡാൻസറായി കലാരം​ഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്നത്തിലൂടെയാണ്. സ്‌കൂള്‍കാലത്തു തന്നെ മികച്ച നർത്തകിയായിരുന്നു സുബി. എന്നാൽ ഒരു കലാകാരിയാകണം എന്നായിരുന്നില്ല സുബിയുടെ ആ​ഗ്രഹം. പട്ടാളക്കാരിയാകണം എന്നായിരുന്നു. പഠിക്കാനായി സെന്റ് തെരേസാസ് തെരഞ്ഞെടുത്തത് തന്നെ എൻസിസി ഉള്ളതിനാലാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡൽഹിയിൽ പോയിട്ടുണ്ട് സുബി. എൻസിസിയുടെ ഓൾ കേരള കമാൻഡർ ആയിരുന്നു.  എന്നാൽ ബ്രേക്ക് ഡാൻസാണ് സുബിയുടെ ജീവിതം തന്നെ മാറ്റുന്നത്. 

പ്രീഡി​ഗ്രിക്ക് പഠിക്കുമ്പോഴാണ് സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാ​ഗമാകുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതസിദ്ധമായ ഡയലോ​ഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്റ്റൈലിന് വ്യത്യാസമുണ്ടായില്ല. 

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും സുബി ഏറെ ശ്രദ്ധനേടി. കുട്ടികളെ വെച്ചുള്ള കുട്ടിപ്പട്ടാളം എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വന്തമായി വീടുവയ്ക്കണം എന്നായിരുന്നു സുബിയുടെ ഏറ്റവും വലിയ സ്വപ്നം. ആറു വർഷം മുൻപാണ് ഇത് സാധ്യമായത്. പറവൂർ കൂനമ്മാവിലാണ് വീടുവച്ചത്. എന്റെ വീട് എന്നാണ് വീടിനു പേരിട്ടത്. ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുബി വിടപറയുന്നത്. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com