സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം. ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനവും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ എല്ലാവരേയും ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 19ന് ചിത്രം തിയറ്ററിൽ എത്തും.
മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ആരാധകർ ഏറെ ആവേശത്തോടെയാണ് റിലീസ് പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്.
ഐഎഫ്എഫ്കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് - വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ - പ്രതീഷ് ശേഖർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates