അയ്യപ്പനും കോശിയിലെയും ആ വേഷം സച്ചി ചെയ്യാന്‍ പറഞ്ഞത് എന്നോട്; വെളിപ്പെടുത്തി സിദ്ദിഖ്

രഞ്ജിത്തും ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. സിനിമയിലെ ഒരു സുപ്രധാന സീനാണ് അത്, വരുമോയെന്ന് ഇടയ്ക്കിടെ ചോദിച്ചു.
സിദ്ദിഖ്/ ഫെയ്‌സ്ബുക്ക്‌
സിദ്ദിഖ്/ ഫെയ്‌സ്ബുക്ക്‌
Published on
Updated on

കൊച്ചി: അയ്യപ്പനും കോശിയും സിനിമയില്‍ രഞ്ജിത് അവതരിപ്പിച്ച കുര്യന്‍ ജോണ്‍ എന്ന റോള്‍ താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടന്‍ സിദ്ദീഖ്. അഭിനയിച്ചിരുന്ന സിനിമയില്‍ മാറി നില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് അതിന് കഴിയാതെ പോയതെന്ന് സിദ്ദിഖ് പറഞ്ഞു. ആ കഥാപാത്രം ചെയ്യാനാകുമെന്ന് അവസാന നിമിഷംവരെ കരുതിയിരുന്നതായും അത്രമേല്‍ താന്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നതായും സിദ്ദിഖ് പറഞ്ഞു. 

''അയ്യപ്പനും കോശിയിലും രഞ്ജിത് ചെയ്ത റോള്‍ ചെയ്യേണ്ടത് ഞാനായിരുന്നു. അതിന് കമ്മിറ്റ് ചെയ്തതാണ്. ഷൂട്ടിങ്ങ് ഡേറ്റും എല്ലാം ഓക്കെ ആയതാണ്. പക്ഷേ ആ സമയത്ത് ഞാന്‍ 'മോഹന്‍ കുമാര്‍ ഫാന്‍സ്' എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ആ സിനിമ കുറച്ച് വൈകിയാണ് തുടങ്ങിയത്. അതില്‍ ജോയിന്‍ ചെയ്തപ്പോഴും സംവിധായകനോട് ഞാന്‍ സച്ചിയുടെ സിനിമയില്‍ അഭിനയിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇക്ക പോയാല്‍ ഇവിടെ ശരിയാവില്ലെന്നു തന്നെ അദ്ദേഹം പറഞ്ഞു.

രഞ്ജിത്തും ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. സിനിമയിലെ ഒരു സുപ്രധാന സീനാണ് അത്, വരുമോയെന്ന് ഇടയ്ക്കിടെ ചോദിച്ചു. ഇതൊന്ന് ഒതുക്കിയിട്ടു വരാമെന്ന് ഞാന്‍ പറഞ്ഞു. കാരണം എനിക്ക് അത് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. സച്ചി അത്രയും മനോഹരമായിട്ടാണ് അതിന്റെ കഥ എന്നോടു പറഞ്ഞത്. പക്ഷേ അവര്‍ക്ക് ഒരു ദിവസം പെട്ടെന്ന് എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് എടുത്തേ മതിയാകൂ എന്ന ഘട്ടം വന്നു. അത് പൃഥ്വിരാജും കൂടിയുള്ള കോംബിനേഷന്‍ സീനാണ്. അവര്‍ക്ക് അത് അന്നു തന്നെ ചെയ്തെ മതിയാകൂ എന്നായിരുന്നു. നാളെ എത്തിയേ പറ്റൂ എന്ന് എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ ഈ സിനിമയില്‍ നിന്ന് എനിക്ക് പോവാന്‍ പറ്റിയില്ല.

പിന്നീട് രഞ്ജിത് ആ വേഷം അഭിനയിച്ചു. അത് അഭിനയിച്ച് കഴിഞ്ഞിട്ടും ഇടയ്ക്ക് രഞ്ജിത് എന്നെ വിളിച്ച് ഓരോന്ന് പറയും. ചില ഡയലോഗൊക്കെ പറയുമ്പോള്‍ നിന്നെത്തന്നെയാ ഓര്‍മ വന്നതെന്നും ''ചവിട്ടിയങ്ങ് കൊന്നേനെ നിന്നെ'' എന്നൊക്കെ പറയും. ഇപ്പോഴും അത് ഇടയ്ക്ക് എന്നോട് പറയും. ഞാന്‍ അപ്പോഴും അദ്ദേഹം ചെയ്ത് നന്നായതിനെക്കുറിച്ച് പറയും. ''നീ കൂടുതല്‍ വര്‍ത്താനം പറയേണ്ട, നീ എന്നെ ചതിച്ചതല്ലേ'' എന്ന് എന്നോട് പറയും. ആ സിനിമ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് നല്ല വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്ക് തോന്നും.'' സിദ്ദീഖ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com