മുറി ഇംഗ്ലീഷും മനോഹരമായ ചിരിയുമാണ് അവരുടെ ആയുധങ്ങള്‍; അസർബെയ്ജാനിലെ കാഴ്ചകൾ പങ്കുവച്ച് ശ്രദ്ധ ശ്രീനാഥ്

ഗംഭീരമായ അസ്‌രി ഭക്ഷണവും റഷ്യന്‍ ഭക്ഷണവും കഴിച്ചുവെന്നും ഇവിടെ മനോഹരമായ നിരവധി റസ്റ്റോറന്റുകളുണ്ടെന്നും ശ്രദ്ധ കുറിക്കുന്നുണ്ട്
ശ്രദ്ധ ശ്രീനാഥ്, ശ്രദ്ധ അസർബെയ്ജാനിൽ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
ശ്രദ്ധ ശ്രീനാഥ്, ശ്രദ്ധ അസർബെയ്ജാനിൽ/ ചിത്രം; ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ടനായികയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിന്നൂരിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരം വിക്രം വേ​ദയിലൂടെ ആരാധക ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോൾ അസര്‍ബെയ്ജാന്‍ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ശ്രദ്ധ. താൻ കണ്ട അസര്‍ബെയ്ജാനേക്കുറിച്ചുള്ള ചെറിയ കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

അസർബെയ്ജാനികൾ നല്ല മനുഷ്യരാണെന്നാണ് ശ്രദ്ധ പറയുന്നത്. പ്രത്യേകിച്ച് വെയ്റ്റര്‍മാര്‍. സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് രണ്ട് ബോട്ടില്‍ വൈനും രണ്ട് തരം ഡെസേര്‍ട്ടുകളും നിങ്ങളെകൊണ്ട് വാങ്ങിപ്പിക്കും. മുറി ഇംഗ്ലീഷും മനോഹരമായ ചിരിയുമാണ് അവരുടെ ആയുധങ്ങള്‍ എന്നാണ് ശ്രദ്ധ കുറിക്കുന്നത്. അസര്‍ബെയ്ജാനിലെ ഭക്ഷണത്തെക്കുറിച്ചും താരം പറയുന്നുണ്ട്. ഗംഭീരമായ അസ്‌രി ഭക്ഷണവും റഷ്യന്‍ ഭക്ഷണവും കഴിച്ചുവെന്നും ഇവിടെ മനോഹരമായ നിരവധി റസ്റ്റോറന്റുകളുണ്ടെന്നും ശ്രദ്ധ കുറിക്കുന്നുണ്ട്. കൂടാതെ അസർബെയ്ജാനിലെ പൂച്ചകളെക്കുറിച്ചും താരം വാചാലയായി. 

പൂച്ചകള്‍, ഒരുപാട് പൂച്ചകള്‍. ചിലത് ഫ്രണ്ട്‌ലിയാണ്. മറ്റുചിലത് ശ്രദ്ധിക്കുക പോലുമില്ല. ഇങ്ങനെ രണ്ടുതരം പൂച്ചകള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നാണ് ഞാന്‍ കരുതുന്നത്. - ശ്രദ്ധ കുറിച്ചു. ബാക്കുവിന്റെ പ്രാന്തപ്രദേശങ്ങൾ വളരെ സോവിയറ്റും തണുപ്പുള്ളതുമാണെന്നും എന്നാൽ നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ജീവസുറ്റതും ആകർഷകവുമാകും എന്നാണ് പറയുന്നത്. മനോഹരമായ പാര്‍ക്കുകളും കോഫി ഷോപ്പുകളും കപ്പുപാകിയ റോഡുകളും നടപ്പാതകളുമെല്ലാം ഇവിടെ കാണാം. അസെര്‍ബെയ്ജാനില്‍ മുഴുവന്‍ പൊലീസു കാരാണെന്നും താരം പറയുന്നു. സഹായമനസുള്ളവരാണ് ഇവരെന്നും താരം വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളെ  ജബാലയിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന അസര്‍ബെയ്ജാന്‍- അര്‍മേനിയ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്. അതിന്റെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം അഭിമാനത്തോടെ കാണിച്ചു തന്നു. അസര്‍ബെയ്ജാനിലെ പുരുഷന്മാര്‍ 18 വയസു കഴിഞ്ഞാല്‍ നിര്‍ബന്ധിത സൈനിക സേവനം നടത്തണം. ഹോട്ടലിലേക്ക് വരുന്ന സമയത്ത് ഞാന്‍ ഫോണില്‍ പാട്ടുവച്ചു. ദില്‍ കോ തുംസേ പ്യാര്‍ ഹുവ, ഒന്‍ട്രെ രണ്ട ആസൈഗള്‍ എന്നിവയാണ് വച്ചത്. അദ്ദേഹത്തിന് ഈ പാട്ടുകളെല്ലാം ഇഷ്ടമായി.

എയർപോർട്ടിലേക്കുള്ള ടാക്സിക്കാരൻ എന്നോട് അസർബെയ്ജാനി അറിയാമോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഹൈവേയിലേക്ക് യാത്രയ്ക്കിടെ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് എന്നോട് ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. നോ താങ്ക്സ് എന്ന് ഇം​ഗ്ലീഷിൽ പറഞ്ഞു. അയാൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു.- ശ്രദ്ധ കുറിച്ചു. 

അസർബെയ്ജാനിലെ ഭക്ഷണം കഴിക്കുന്നതും മഞ്ഞു മൂടിയ പ്രദേശത്ത് സമയം ചെലവഴിക്കുന്നതുമെല്ലാം താരം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെരുവിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ തന്നോട് കമ്പനിയടിക്കാൻ വന്ന പൂച്ചയുടെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. അസര്‍ബെയ്ജാനിലെ പ്രസിദ്ധമായ ഫോര്‍മുല വണ്‍ ട്രാക്കിന്റെ ഓരത്തു നിന്നുകൊണ്ട് എടുത്ത ചിത്രവും കൂട്ടത്തിലുണ്ട്. താരങ്ങൾ ഉൾ‌പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com