മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം; വിനായകനെതിരെ രൂക്ഷ വിമർശനം

നടന്റെ പ്രസ്താവനയിൽ മുറിവേറ്റ പൊതുജനങ്ങളോടും എല്ലാവരോടും താൻ മാപ്പുചോദിക്കുന്നു എന്നാണ് നിരഞ്ജന അനൂപ് കുറിച്ചത്
ഉമ്മന്‍ ചാണ്ടി,വിനായകന്‍
ഉമ്മന്‍ ചാണ്ടി,വിനായകന്‍
Updated on
2 min read

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച നടൻ വിനായകനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് വിനായകനെതിരെ വിമർശനവുമായി എത്തിയത്. വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും  അപമാനമാണെന്നാണ് ഷിബു ജി സുശീലൻ കുറിച്ചത്. നടന്റെ പ്രസ്താവനയിൽ മുറിവേറ്റ പൊതുജനങ്ങളോടും എല്ലാവരോടും താൻ മാപ്പുചോദിക്കുന്നു എന്നാണ് നിരഞ്ജന അനൂപ് കുറിച്ചത്. 

നിരഞ്ജനയുടെ കുറിപ്പ്

ഞാനും കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാൽ മുറിവേറ്റ പൊതുജനങ്ങളോടും എല്ലാവരോടും ഞാൻ മാപ്പുചോദിക്കുന്നു. അദ്ദേഹത്തിൽ നിന്ന് വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവനയാണ്. എല്ലാവരും ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാനിതിവിടെ പറയാനാഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.

അനീഷ് ജി മേനോന്റെ കുറിപ്പ്

മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി സർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വച്ചു കൊണ്ടുതന്നെ പറയട്ടെ...താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി.

ഷിബു ജി സുശീലന്റെ കുറിപ്പ്

മിസ്റ്റർ വിനായകൻ...താൻ മലയാള സിനിമയ്ക്കും, കേരളത്തിനും തന്നെ അപമാനം ആണല്ലോ. കഷ്ടം! സംസ്കാരം അത് ജന്മനാൽ കിട്ടുന്നതാണ്.....ബാക്കി വാചകം ഞാൻ പറയുന്നില്ല. ജീവിച്ചിരിക്കുന്ന സമയത്ത്  ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുകാണും.. ഇല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം  അസ്ഥാനത്തു ആയിപ്പോയി.

രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്. ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ? താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?  ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ..അതാണ് ആണത്തം.

കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്. നിന്റെ അച്ഛൻ മരിക്കുന്നത്തിന് മുൻപ് എന്ത്‌ ചെയ്തെന്ന്  നിനക്കും.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം

അതുപോലെ ആണോ ഉമ്മൻ‌ചാണ്ടി സർ.. അത് ജനങ്ങൾക്ക്‌ അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം..നിന്നെ തിരുനക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com