

13 വർഷത്തിനുശേഷം വീണ്ടും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തിരിച്ചുപിടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആറാമത്തെ തവണയാണ് താരം അവാർഡ് നേടുന്നത്. ഒന്നല്ല നാല് ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനാക്കിയത്. താരത്തിന്റെ അവാർഡ് ആരാധകർ ആഘോഷമാക്കുകയാണ്. എന്നാൽ ഈ സന്തോഷം മമ്മൂട്ടി ആഘോഷിക്കുന്നില്ല. പ്രിയപ്പെട്ട ആളുടെ വേർപാടിനേക്കാൾ വലുതല്ല അവാർഡ് ആഘോഷം എന്നാണ് താരം പറഞ്ഞത്.
അവാർഡ് പ്രഖ്യാപിക്കുമ്പോൾ പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. നെടുമ്പാശേരി ഗോൾഫ് കോഴ്സിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് താരം ഷൂട്ടിങ്ങിനായി എത്തുന്നത്. അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയെ വിളിച്ചറിയിച്ചു. പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം- എന്നായിരുന്നു താരത്തിന്റെ മറുപടി.
വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്ക് താരം മടങ്ങി. അവാർഡ് വിവരമറിഞ്ഞ് ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി താരത്തിന്റെ വസതിയിലെത്തിയിരുന്നു. നൻപകലിനൊപ്പം പുഴു, റോഷാക്, ഭീഷ്മ പർവം എന്നീ സിനിമകളുടെ അഭിനയത്തിനാണ് താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ താരം കോട്ടയത്ത് നേരിട്ട് എത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടം മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കായി മണിക്കൂറുകളോളമാണ് മമ്മൂട്ടി കാത്തിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates